19
യുഎഇ : വ്യാജവും നിലവാരമില്ലാത്തതുമായ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വിതരണക്കാർക്കും വ്യാപാരികൾക്കും 24 മണിക്കൂർ മാത്രം സമയം നൽകുന്ന പുതിയ ആന്റി-കൊമേഴ്‌ഷ്യൽ ഫ്രോഡ് (Anti-Commercial Fraud) നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു. മന്ത്രാലയത്തിൽ നിന്നോ ബന്ധപ്പെട്ട ഭരണകൂടത്തിൽ നിന്നോ നിർദ്ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും ഗോഡൗണുകളിൽ നിന്നും പൂർണ്ണമായി പിൻവലിക്കണമെന്നാണ് പുതിയ നിർദ്ദേശം.
വ്യാജമോ കേടായതോ ആയ സാധനങ്ങൾ വിറ്റഴിച്ച വിതരണക്കാർ, ആ ഉൽപ്പന്നങ്ങൾ പോയ മുഴുവൻ സെയിൽസ് പോയിന്റുകളിലും വിവരമറിയിച്ച് ഉൽപ്പന്നങ്ങൾ പിൻവലിച്ചതായി മന്ത്രാലയത്തിന് തെളിവ് നൽകേണ്ടതുണ്ട്. 24 മണിക്കൂറിനുള്ളിൽ ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ അധികൃതർ തന്നെ നേരിട്ടിറങ്ങി വിതരണക്കാരുടെ ചെലവിൽ ഇവ പിടിച്ചെടുക്കും. വ്യാപാരികളെ ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിലും ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുകയും പണം പിന്നീട് ഈടാക്കുകയും ചെയ്യും. വ്യാജ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, സംഭരണം, വിൽപ്പന എന്നിവ പൂർണ്ണമായി തടയുന്ന കാബിനറ്റ് തീർപ്പ് നമ്പർ (107) 2026-ൻ്റെ ഭാഗമായാണ് ഇക്കണോമി ആൻഡ് ടൂറിസം മന്ത്രാലയം ഈ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.