38
ദുബായ് : യുഎഇ സ്കൂളുകളിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പാഠ്യപദ്ധതിക്ക് തുടക്കമായി. പ്ലേ-ബേസ്ഡ് പ്രവർത്തനങ്ങൾ, കഥപറച്ചിൽ, അധ്യാപകരുടെ നിരീക്ഷണത്തിലുള്ള ഡിജിറ്റൽ ടൂളുകൾ എന്നിവയിലൂടെയാണ് കുട്ടികളിൽ എഐ ആശയങ്ങൾ എത്തിക്കുന്നത്. രാജ്യത്തെ എല്ലാ പബ്ലിക്, പ്രൈവറ്റ് സ്കൂളുകളിലും എഐ പാഠ്യപദ്ധതി നടപ്പിലാക്കാൻ യുഎഇ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി എഐ ഡാറ്റ, അൽഗോരിതങ്ങൾ, ആപ്ലിക്കേഷനുകൾ, ഇവയുടെ സാധ്യതകളും അപകടസാധ്യതകളും, സാങ്കേതികവിദ്യയുടെ ധാർമ്മിക ഉപയോഗം എന്നിവ വിദ്യാർത്ഥികൾ പഠിക്കും.
ഈ പദ്ധതിയുടെ ഭാഗമായി അധ്യാപനത്തിനും മൂല്യനിർണ്ണയത്തിനും കരിക്കുലം വിശകലനത്തിനുമായി ഏകദേശം 22,000 അധ്യാപകർക്കും പരിശീലനം നൽകുന്നുണ്ട്. ദുബായ് റാഫിൾസ് വേൾഡ് അക്കാദമിയിൽ എല്ലാ പ്രായക്കാർക്കും ഒരുപോലെ എന്ന രീതിയിലല്ല, മറിച്ച് ഘട്ടം ഘട്ടമായാണ് എഐ വിദ്യാഭ്യാസം നൽകുന്നത്. പ്രൈമറി ക്ലാസുകളിൽ മെഡിക്കൽ രംഗത്തെ എഐയുടെ പങ്ക്, ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിച്ചുള്ള ചിത്രരചന തുടങ്ങിയവയിലൂടെയാണ് എഐ പരിചയപ്പെടുത്തുന്നത്. അപ്പർ പ്രൈമറി തലത്തിലേക്ക് എത്തുമ്പോൾ ടോഡിൽ എഐ ട്യൂട്ടർ (Toddle AI Tutors), പവർപോയിന്റ്, കാൻവ എന്നിവയിലെ എഐ ഫീച്ചറുകൾ വിദ്യാർത്ഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ഉപയോഗിച്ചുതുടങ്ങുന്നു. സ്വന്തം ചിന്താശേഷിക്ക് പകരമാവരുത് സാങ്കേതികവിദ്യ എന്ന തിരിച്ചറിവോടെയാണ് ഈ പരിശീലനം നൽകുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.