32
ദുബായ്: ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനെയും നിക്ഷേപകരുടെ താൽപ്പര്യങ്ങളെയും തുടർന്ന് ദുബായിൽ സ്വർണവിലയിൽ തിരിച്ചുവരവ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണവില ഗ്രാമിന് 534.75 ദിർഹമായി ഉയർന്നു. തിങ്കളാഴ്ച ഇത് 530.75 ദിർഹമായിരുന്നു. ഇതുപോലെ 22, 21, 18, 14 കാരറ്റ് സ്വർണവിലകളും ചൊവ്വാഴ്ച വർധിച്ചു. യഥാക്രമം 495.0, 474.75, 407.0, 317.5 ദിർഹം എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിൽ സ്വർണവില വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ സ്പോട്ട് ഗോൾഡ് ഔൺസിന് അര ശതമാനം ഉയർന്ന് 4,432 ഡോളറിലെത്തി. വെള്ളിയുടെ വിലയും ഏകദേശം ഒരു ശതമാനം വർധിച്ച് ഔൺസിന് 66.93 ഡോളറിലെത്തി. സ്വർണവിലയിൽ സ്ഥിരമായ ഒരു ദിശ നിലനിർത്താൻ വാങ്ങുന്നവരും വിൽക്കുന്നവരും ഒരുപോലെ താൽപ്പര്യപ്പെടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പെപ്പർസ്റ്റോണിന്റെ ഹെഡ് ഓഫ് റിസർച്ച് ക്രിസ് വെസ്റ്റൺ പറഞ്ഞു. എങ്കിലും വില ഉയരാനുള്ള സാധ്യതകളാണ് കൂടുതൽ നിലനിൽക്കുന്നതെന്നും, 4,500 ഡോളർ നിലവാരവും കഴിഞ്ഞ ആഴ്ചയിലെ ഉയർന്ന നിരക്കുകളും വീണ്ടും പരിശോധിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് സെൻട്രൽ ബാങ്കായ പി.ബി.ഒ.സി തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് 630,000 ഔൺസ് സ്വർണം കൂടി ചേർത്തതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ ഷാങ്ഹായ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിപണിയിൽ വലിയ ചലനങ്ങളുണ്ടായിട്ടുണ്ട്. തുടർച്ചയായ ഇരുപത്തിരണ്ടാം മാസമാണ് ചൈന സ്വർണം ശേഖരിക്കുന്നത്. ഇത് ആഗോള വിപണിയിൽ സ്വർണത്തിന് കൂടുതൽ കരുത്തുപകരുന്നുണ്ട്. യു.എസ് പി.പി.ഐ കണക്കുകളും വെള്ളിയാഴ്ച പുറത്തുവരാനിരിക്കുന്ന കോർ സി.പി.ഐ ഡാറ്റയും പുറത്തുവരുന്നതിന് മുന്നോടിയായി ഡോളറിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ആരും തയാറാകുന്നുമില്ല. അടുത്ത ആഴ്ച നടക്കുന്ന ഫെഡ് യോഗത്തിന് മുന്നോടിയായി നാണയപ്പെരുപ്പ കണക്കുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ ഫെഡ് അംഗങ്ങളുടെ തീരുമാനങ്ങളെ അത് സ്വാധീനിക്കൂ എന്നും വെസ്റ്റൺ വ്യക്തമാക്കി.