Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 07:26 PM

ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് മുന്നോടിയായി അബുദാബിയിൽ ഗതാഗത നിയന്ത്രണം

by Raneesha Razak
അബുദാബി: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്ക് മുന്നോടിയായി അബുദാബിയിലെ വിവിധ പ്രധാന റോഡുകളിലും കവലകളിലും താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ബദൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച് യാത്രയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും അബുദാബി മീഡിയ ഓഫീസും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും (AD Mobility) നിർദ്ദേശിച്ചു.
അബുദാബി മീഡിയ ഓഫീസിന്റെ അറിയിപ്പ് പ്രകാരം അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ (Al Khaleej Al Arabi Street) രണ്ട് ദിവസങ്ങളിലായി താൽക്കാലിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നവംബർ 29 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും, ഡിസംബർ 2 ബുധനാഴ്ച രാവിലെ 8.30 മുതൽ 11.30 വരെയുമാണ് ഈ റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ യാത്രക്കാർക്ക് ശഖ്ബൂത്ത് ബിൻ സുൽത്താൻ സ്ട്രീറ്റ്, സലാമ ബിൻത് ബുട്ടി സ്ട്രീറ്റ്, റബ്ദാൻ സ്ട്രീറ്റ്, മൗഗബ് സ്ട്രീറ്റ്, തുൻബ് അൽ കുബ്ര സ്ട്രീറ്റ്, വഹത് അൽ കറാമ സ്ട്രീറ്റ്, മുസഫ ബ്രിഡ്ജ് എന്നിവ ബദൽ പാതകളായി ഉപയോഗിക്കാവുന്നതാണ്.
ഇതിനുപുറമെ എമിറേറ്റിലെ മറ്റ് ചില പ്രധാന പാതകളിലും എഡി മൊബിലിറ്റി ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാദിയാത്ത് ദ്വീപിലെ ഒരു പ്രധാന കവല നവംബർ 28 ശനിയാഴ്ച അർദ്ധരാത്രി മുതൽ നവംബർ 29 ഞായറാഴ്ച അർദ്ധരാത്രി വരെ ഘട്ടം ഘട്ടമായി അടച്ചിടും. ഷെയ്ഖ് സായിദ് ബ്രിഡ്ജിൽ അബുദാബി ഭാഗത്തേക്കുള്ള വലതുവശത്തെ ലെയ്ൻ നവംബർ 28 ശനിയാഴ്ച അർദ്ധരാത്രി മുതൽ നവംബർ 30 തിങ്കളാഴ്ച രാവിലെ 6 മണി വരെയും, അൽ ദഫ്ര മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) ഗുവൈഫത്ത് ഭാഗത്തേക്കുള്ള വലതുവശത്തെ ലെയ്ൻ നവംബർ 26 മുതൽ നവംബർ 29 ഞായറാഴ്ച വരെയും അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ നീക്കുന്നത് വരെ അടച്ചിട്ട പാതകൾ ഒഴിവാക്കി നിർദ്ദേശിക്കപ്പെട്ട ബദൽ മാർഗ്ഗങ്ങളിലൂടെ മാത്രം യാത്ര ചെയ്യണമെന്ന് പോലീസും ഗതാഗത വകുപ്പും അഭ്യർത്ഥിച്ചു.

You may also like