30
ദുബായ് : ഫോണുകളോ ഡിജിറ്റൽ ക്യാമറകളോ ഒന്നുമില്ലാത്ത കാലത്ത്, വെറും 10 ദിർഹം വിലയുള്ള ക്യാമറയുമായി ദുബായുടെ പഴയകാല ചിത്രങ്ങൾ പകർത്തിയ ഷൈഖ ജാസിം അൽ സുവൈദിയാണ് യുഎഇയുടെ ആദ്യ വനിതാ ഫോട്ടോഗ്രാഫർ. 1950-കളിലാണ് അവർ ഫോട്ടോഗ്രാഫി രംഗത്തേക്ക് വരുന്നത്.
തുടക്കത്തിൽ സ്വന്തം വീടുകളിലെ അംഗങ്ങളെയും അയൽക്കാരെയുമാണ് അവർ ക്യാമറയിൽ പകർത്തിയത്. പിന്നീട് പഴയ വീടുകളും തെരുവുകളും ചന്തകളും കടലും സാധാരണക്കാരുടെ മുഖങ്ങളും അവർ ചിത്രങ്ങളാക്കി മാറ്റി. ദുബായ് വലിയ നഗരമായി മാറുന്നതിന് മുൻപുള്ള പഴയ കാഴ്ചകൾ പകർത്തിവെച്ചതിലൂടെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു അവർ.
പഠനകേന്ദ്രങ്ങളോ സാങ്കേതികവിദ്യയോ ഇല്ലാതിരുന്ന ആ കാലത്ത് ഫോട്ടോഗ്രാഫി ചെയ്ത അവർ പിന്നീട് ‘ഉമ്മു അൽ മുസാവീരിൻ’ അതായത് ഫോട്ടോഗ്രാഫർമാരുടെ മാതാവ് എന്നാണ് അറിയപ്പെട്ടത്. രാജ്യത്തിന്റെ ആദ്യ വനിതാ ഫോട്ടോഗ്രാഫർ എന്ന നിലയിൽ 2014-ൽ യുഎഇയുടെ ആദരവും അവർക്ക് ലഭിച്ചു.