Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:55 AM

ഒരു അർദ്ധസെഞ്ച്വറിയുടെ രുചിക്കൂട്ട്

റാസൽഖൈമയെ കീഴടക്കിയ ലെബനീസ് ഷെഫ്

by Raneesha Nizar

റാസൽഖൈമയുടെ തെരുവുകളിൽ വൈകുന്നേരത്തെ തണുത്ത കാറ്റ് വീശിത്തുടങ്ങുമ്പോൾ, അൽ ഖറാനിലെ ആ പഴയ അടുക്കളയിൽ നിന്ന് ഇന്നും കനലിൽ വെന്തെരിയുന്ന ലെബനീസ് ഗ്രില്ലുകളുടെ കൊതിയൂറുന്ന മണമുയരും. ആ സുഗന്ധത്തിന് അൻപത്തിരണ്ട് വർഷത്തെ ആയുസ്സുണ്ട്; അതിലുപരി തലമുറകൾ കൈമാറിവന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെ കഥയുണ്ട്. ഷെഫ് മിഷേൽ ജോർജ്ജ് ഷ്രീം എന്ന മനുഷ്യൻ തന്റെ ജീവിതം കൊണ്ട് റാസൽഖൈമയുടെ മണ്ണിൽ എഴുതിച്ചേർത്തത് വെറുമൊരു റെസ്റ്റോറന്റിന്റെ ചരിത്രമല്ല, മറിച്ച് രുചികൊണ്ട് നെയ്തെടുത്ത ഒരു പ്രണയകാവ്യമാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ്, ലെബനനിലെ തന്റെ തറവാട്ടു വീടിന്റെ അടുക്കളയിൽ മുത്തശ്ശനും അച്ഛനും ചേരുവകൾ കൊണ്ട് മാന്ത്രികത കാട്ടുന്നത് നോക്കിനിന്ന ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. അവരിൽ നിന്നാണ് മിഷേൽ പാചകത്തിന്റെ ആദ്യപാഠങ്ങൾ ഹൃദയത്തിലേറ്റിയത്. വർഷങ്ങൾക്കിപ്പുറം, ഒരു കടൽക്കാറ്റിന്റെ ദൂരേക്ക് വിമാനം കയറുമ്പോൾ വലിയ ബിസിനസ്സ് സ്വപ്നങ്ങളായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിൽ; പകരം മുത്തശ്ശൻ പകർന്നുനൽകിയ ആ കൈപ്പുണ്യവും രുചിക്കൂട്ടുകളും മാത്രമായിരുന്നു കൂട്ട്. അങ്ങനെ 1974-ൽ സിദ്രോയുടെ മണ്ണിൽ ആ അടുക്കള ആദ്യമായി തുറക്കപ്പെട്ടു. ചീരക്കറിയുടെയും മൊലൊഖിയയുടെയും നാടൻ മണവുമായി തുടങ്ങിയ ആ യാത്ര പിന്നീട് റാസൽഖൈമയുടെ സ്വന്തം രുചിയായി മാറാൻ അധികകാലം വേണ്ടിവന്നില്ല.

കാലം ഒരുപാട് മാറി, ആളുകൾ മാറി, നഗരത്തിന്റെ മുഖച്ഛായ മാറി. പക്ഷേ, മിഷേലിന്റെ കൈപ്പുണ്യത്തിന് മാത്രം മാറ്റമുണ്ടായില്ല. ചുറ്റുമുള്ളവർ ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനും പുതിയ ബ്രാഞ്ചുകൾ തുറക്കാനും മത്സരിച്ചപ്പോഴും, മിഷേൽ തന്റെ ആ പഴയ കസേരയിൽ തന്നെയിരുന്നു. ലാഭത്തിന്റെ കണക്കുപുസ്തകങ്ങളേക്കാൾ ഈ നാടിന്റെ ഓർമ്മകളിൽ ജീവിക്കാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. വിലക്കയറ്റത്തിന്റെ കഠിനമായ കാറ്റിലും വിഭവങ്ങളുടെ ഗുണനിലവാരത്തിൽ അദ്ദേഹം ഒരിഞ്ചുപോലും വിട്ടുവീഴ്ച ചെയ്തില്ല. തന്റെ കുടുംബത്തിന്റെ രുചിരഹസ്യങ്ങൾ ‘മൈ ഗ്രാൻഡ്ഫാദേഴ്സ് കിച്ചൻ’ എന്ന പുസ്തകത്തിലൂടെ ലോകത്തിന് തുറന്നുനൽകുമ്പോഴും ആ മനസ്സിൽ കച്ചവടക്കണ്ണുകളുണ്ടായിരുന്നില്ല.

ഇന്നും ആ അടുക്കളയിൽ മിഷേലുണ്ട്. വരുന്ന ഓരോ മനുഷ്യരെയും പുഞ്ചിരിയോടെ സ്വീകരിച്ച്, അവരുടെ വാക്കുകൾക്ക് കാതോർത്ത് അദ്ദേഹം നിൽക്കുന്നുണ്ടാകും. പുതുതലമുറയോട് അദ്ദേഹത്തിന് പറയാനുള്ളത് ഒന്നുമാത്രം, തൊഴിലിനോട് നെഞ്ചിലൊരു പാഷൻ ഉണ്ടായിരിക്കണം, കൂടെ അല്പം ക്ഷമയും. സ്നേഹം കൊണ്ട് പാകം ചെയ്യുന്ന ഭക്ഷണത്തിന് ഒരിക്കലും രുചി കുറയില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ഈ ലെബനീസ് ഷെഫ്, ഇന്നും റാസൽഖൈമയുടെ ഹൃദയമിടിപ്പായി ആ അടുക്കളയിൽ രുചിയുടെ കനലുകൾ എരിച്ചുകൊണ്ടേയിരിക്കുന്നു.

You may also like