22
യുഎഇ : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ധരിച്ച ഒരു സാധാരണ വാച്ച് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പം ഒരു പൗരസ്വീകരണ ചടങ്ങിൽ നിൽക്കുന്ന ചിത്രത്തിലാണ് അദ്ദേഹത്തിന്റെ കൈയിലെ വാച്ച് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ബഹ്റൈൻ അധിഷ്ഠിത ബ്രാൻഡായ ‘നുൺ ഒഫീഷ്യൽ’ (Nuun Official – നിലവിൽ Nuncier എന്ന പേരിൽ അറിയപ്പെടുന്നു) ഡിസൈൻ ചെയ്ത ഈ വാച്ച്, 40mm കാർബൺ ടെക് കേസോട് കൂടിയ പ്രത്യേക പതിപ്പാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മിയോട്ട മൂവ്‌മെന്റുള്ള ഈ മോഡലിന്റെ വില പുറത്തുവിട്ടിട്ടില്ല. ഈ വാച്ച് ഷെയ്ഖ് മുഹമ്മദിനായി പ്രത്യേകം തയ്യാറാക്കിയതാണോ എന്ന കാര്യം ബ്രാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സാധാരണക്കാരെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും പ്രാദേശിക ബ്രാൻഡുകൾക്കുള്ള പിന്തുണയുടെയും നേർക്കാഴ്ചയായി ഇതിനെ ആളുകൾ കാണുന്നു. കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച് നിലവിലുള്ള മറ്റ് വാച്ചുകൾക്ക് 1,560 ദിർഹം മുതൽ 2,050 ദിർഹം വരെയാണ് (ഏകദേശം 35,000 – 46,000 ഇന്ത്യൻ രൂപ) വില വരുന്നത്.