Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:53 AM

എന്തുകൊണ്ട് യുവാക്കൾ ഫോൺ മാറ്റിവെച്ച് ‘ബെഡാസിലിങ്’ ലോകത്തേക്ക് ചേക്കേറുന്നു?

by Raneesha Nizar

ദുബായ്: സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് വന്നാൽ ആളുകൾ ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോഴിതാ ആളുകളെ ഫോൺ താഴെവെക്കാൻ പ്രേരിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഹോബി ഇൻസ്റ്റാഗ്രാമിലും ടിക്‌ടോക്കിലും തരംഗമാവുകയാണ്; ‘ബെഡാസിലിങ്’ (Bedazzling). സാധാരണ നിത്യോപയോഗ സാധനങ്ങളിൽ ക്രിസ്റ്റലുകളും തിളങ്ങുന്ന കല്ലുകളും (Rhinestones) ഒട്ടിച്ച് അവയെ ആകർഷകമാക്കുന്ന കലയാണിത്. ഫോൺ കേസ്, ഹെയർ ബ്രഷ്, ലിപ് ഗ്ലോസ്, ലൈറ്റർ, വാട്ടർ ബോട്ടിൽ എന്നിവയെല്ലാം ഇത്തരത്തിൽ തിളങ്ങുന്ന ആക്സസറികളായി മാറിക്കഴിഞ്ഞു.

എന്നാൽ ഈ ട്രെൻഡിന്റെ യഥാർത്ഥ ആകർഷണം ഡിജിറ്റൽ ലോകത്തുനിന്നുള്ള മോചനമാണ്. മണിക്കൂറുകളോളം ഫോൺ സ്ക്രോൾ ചെയ്യുന്ന (Doomscrolling) ശീലത്തിൽ നിന്ന് മാറി മനസ്സിന് ശാന്തത നൽകാനും സമ്മർദ്ദം കുറയ്ക്കാനും ഈ ഹോബി സഹായിക്കുന്നുവെന്ന് യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു. “ഞാൻ ബെഡാസിലിങ് ചെയ്യുമ്പോൾ ഫോൺ നോക്കാറില്ല, ഇത് എനിക്ക് സ്ക്രീനുകളിൽ നിന്ന് വലിയൊരു ആശ്വാസം നൽകുന്നു,” എന്ന് ദുബായ് സ്വദേശിയായ അൽദാന അൽമൻസൂരി (23) പറയുന്നു. മറ്റൊരു സ്വദേശി യുവതിയായ ഘല്യ അലവധി (21) ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തന്റെ സാധനങ്ങൾ ഇത്തരത്തിൽ മാറ്റിയെടുക്കാറുണ്ട്.

ഈ ക്രേസ് യുഎഇയിലെ ബിസിനസ്സ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ‘ദി ഹ്യൂ’ (The Hue) എന്ന പ്രാദേശിക ഹോം ബിസിനസ്സ് 2025 ജൂണിൽ പുറത്തിറക്കിയ ‘ബെഡാസിലിങ് കിറ്റുകൾക്ക്’ (DIY Boxes) ഇപ്പോൾ വലിയ ആവശ്യക്കാരാണുള്ളത്. പെൺകുട്ടികളുടെ ഒത്തുചേരലുകളിലും ജന്മദിനാഘോഷങ്ങളിലും ഒന്നിച്ച് ഇരുന്ന് സാധനങ്ങൾ അലങ്കരിക്കാൻ ഈ കിറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നു. വെറുതെ സോഷ്യൽ മീഡിയ കണ്ടന്റുകൾ ആസ്വദിക്കുന്നതിന് പകരം, സ്വന്തം കൈകൊണ്ട് ക്രിയേറ്റീവ് ആയി എന്തെങ്കിലും നിർമ്മിക്കാനുള്ള അവസരമാണ് ഈ ട്രെൻഡ് നൽകുന്നത്.

You may also like