11
അബുദാബി : കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ യാതൊരു മാറ്റവുമില്ലാത്ത ഒന്നിനെ കണ്ടെത്താൻ ശ്രമിച്ചാൽ, നയീം മുഹമ്മദ് യൂസഫ് ഷിനീക് നിങ്ങളുടെ കൈകളിലേക്ക് ഒരു കഷ്ണം കുനാഫ നീട്ടി അത് രുചിച്ചു നോക്കാൻ പറയും. എഴുപത്തിനാലുകാരനായ ഈ ജോർദാൻ സ്വദേശി തന്റെ പതിനാറാമത്തെ വയസ്സു മുതൽ ഇന്നുവരെ ഒരേ രീതിയിലാണ് ഈ വിഭവം തയ്യാറാക്കുന്നത്.
അബുദാബിയുടെ പരിണാമത്തിന് സാക്ഷിയായവരിൽ അപൂർവ്വ വ്യക്തിയാണ് നയീം. നയീം സ്വീറ്റ്സ് ഉടമയായ നയീം പതിറ്റാണ്ടുകളായി ഒരേ കൗണ്ടറിന് പിന്നിൽ നിന്ന് നഗരത്തിന്റെ മാറ്റങ്ങൾ കാണുന്നു. “എല്ലാം മാറിമറിഞ്ഞു, എന്നാൽ എന്റെ കുനാഫയുടെ രുചി ഇന്നും അതുപോലെ തന്നെ തുടരുന്നു,” അദ്ദേഹം പറയുന്നു.
1952-ൽ ജോർദാനിൽ ജനിച്ച നയീമിന്റെ കുടുംബം പരമ്പരാഗതമായി മധുരപതിനിർമ്മാണ രംഗത്തുള്ളവരാണ്. പതിനാറാമത്തെ വയസ്സിൽ അമ്മാവന്മാരിൽ നിന്നാണ് അദ്ദേഹം കുനാഫ നിർമ്മാണം പഠിച്ചത്. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവന്നത്.
1974-ൽ, ഇരുപത്തിരണ്ടാം വയസ്സിലാണ് നയീം ജോർദാനിൽ നിന്ന് അബുദാബിയിലെത്തുന്നത്. അന്നത്തെ അബുദാബി ഒരു മണൽക്കാടായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. സഹോദരങ്ങളോടൊപ്പം ചേർന്ന് അന്നത്തെ ഹംദാൻ തെരുവിൽ അവർ ഒരു മിഠായിക്കട ആരംഭിച്ചു. ബിസിനസ്സ് പ്ലനേക്കാൾ ഉപരിയായി തന്റെ പാഷനാണ് തന്നെ നയിച്ചതെന്ന് അദ്ദേഹം പറയുന്നു.
അബുദാബിയിലേക്ക് വന്നത് തനിക്ക് അനുഗ്രഹ വർഷമായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. “ഞാൻ എന്റെ മധുരത്തോടുള്ള സ്നേഹവും അഭിനിവേശവും കൊണ്ടുവന്നു, ആ സ്നേഹത്തിന്റെ ഒരു കഷ്ണം ഞാൻ ഈ രാജ്യത്തിന് നൽകി,” അമ്പത് വർഷം പിന്നിടുമ്പോഴും കുനാഫയെ താൻ വിൽക്കുന്ന ഒന്നായല്ല, മറിച്ച് യുഎഇക്ക് നൽകിയ സമ്മാനമായാണ് അദ്ദേഹം കാണുന്നത്.