4
അബുദാബി : അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഏറ്റവും വലിയ രണ്ട് ആകർഷണങ്ങളായ ടി.റെക്സ് അസ്ഥികൂടത്തിനും 25 മീറ്റർ നീളമുള്ള നീലത്തിമിംഗലത്തിനും പേരിടാൻ പൊതുജനങ്ങൾക്ക് അവസരം നൽകിക്കൊണ്ട് മ്യൂസിയം പുതിയ ക്യാമ്പയിന് തുടക്കമിട്ടു. ‘സയൻസ് ബിഗിൻസ് വിത്ത് എ നെയിം’ (Science begins with a name) എന്ന സന്ദേശവുമായി സാഅദിയാത് കൾച്ചറൽ ഡിസ്ട്രിക്ടിലെ മ്യൂസിയം ‘നെയിം ടൂ ജയന്റ്സ്: യുവർ ചാൻസ് ടു മേക്ക് ഹിസ്റ്ററി’ (Name Two Giants. Your Chance To Make History.) എന്ന പേരിൽ ഒരു മത്സരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും ഈ രണ്ട് ഭീമൻ ജീവികൾക്കായി പേരുകൾ നിർദ്ദേശിക്കാമെന്ന് അധികൃതർ അറിയിച്ചു. മത്സരത്തിൽ വിജയിക്കുന്ന രണ്ട് പേരുടെ പേരുകൾ ഈ പ്രദർശന വസ്തുക്കൾക്കൊപ്പം സ്ഥിരമായി പ്രദർശിപ്പിക്കും. ശാസ്ത്രീയ പഠനങ്ങളെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിന്റെയും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ സംരംഭം.