ഷാർജ: ഷാർജ ഗവൺമെന്റ് ജീവനക്കാരുടെയും വിരമിച്ചവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി പ്രതിമാസ കുറഞ്ഞ വേതനം (Decent Living Standard) 20,000 ദിർഹമായി ഉയർത്തി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. 1.187 ശതകോടി ദിർഹത്തിലധികം വാർഷിക ചെലവ് വരുന്ന ഈ തീരുമാനം സെപ്റ്റംബർ മാസം മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാർക്ക് പുറമെ സാമ്പത്തിക സഹായം കൈപ്പറ്റുന്ന കുടുംബങ്ങൾ, സർക്കാർ സർവീസിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും വിരമിച്ച സ്വദേശികൾ എന്നിവർക്കും ഈ ആനുകൂല്യം ലഭ്യമാകും. പതിനായിരക്കണക്കിന് സ്വദേശി കുടുംബങ്ങൾക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്.
ഇതുകൂടാതെ മത്സ്യബന്ധന മേഖലയെ പിന്തുണയ്ക്കുന്നതിനായി ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള ബർത്ത് ഫീസിൽ (Marine Vessel Berths) 50 ശതമാനം ഇളവും ഭരണാധികാരി പ്രഖ്യാപിച്ചു. ദുബായ്, അബുദാബി സർക്കാരുകളിലെ ശമ്പള നിരക്കുകൾക്ക് സമാനമായി ഷാർജയിലെ ഉയർന്ന തസ്തികകളിലുള്ള ജീവനക്കാരുടെ ശമ്പള വർദ്ധനവിനെക്കുറിച്ചുള്ള പഠനം നടന്നു വരികയാണെന്നും അടുത്ത ആഴ്ച ഇതിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം ‘അൽ ഖാത്ത് അൽ മുബാഷിർ’ റേഡിയോ പരിപാടിയിലൂടെ വ്യക്തമാക്കി. അനാവശ്യ വായ്പകൾ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കാനും കുട്ടികൾക്ക് നല്ല രീതിയിലുള്ള ശിക്ഷണം നൽകാനും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.
Sharjah
ഷാർജ : പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി മൂല്യം ഉറപ്പാക്കുന്നതിനുമായി ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (SCCI) പുതിയ ‘നാഷണൽ ഫുഡ് ഫാക്ടറി’ പ്രൊജക്റ്റ് അവതരിപ്പിച്ചു. അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിന്റെ പത്താം പതിപ്പിലാണ് ഷാർജ ഈ പദ്ധതി പ്രദർശിപ്പിച്ചത്. മലീഹയിലെ ഹംദ പ്രദേശത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്.
പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 5,000 മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള ഈ കേന്ദ്രത്തിൽ ഈന്തപ്പഴം, പച്ചക്കറികൾ എന്നിവ സംസ്കരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ആധുനിക സൗകര്യങ്ങളുണ്ടാകും. പ്രാദേശിക കർഷകർക്കും കാർഷിക കമ്പനികൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സംസ്കരിച്ച് വിപണിയിലെത്തിക്കാൻ ഇത് വഴിയൊരുക്കും. മികച്ച ശീതീകരണ സൗകര്യങ്ങളോടും ഡ്രൈ സ്റ്റോറേജുകളോടും കൂടി നിർമ്മിക്കുന്ന ഈ ഫാക്ടറി ഷാർജയെ ഭക്ഷ്യസുരക്ഷാ രംഗത്ത് മുൻപന്തിയിൽ എത്തിക്കാൻ സഹായിക്കുമെന്ന് എസ്സിസിഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു.
ഷാർജയിൽ എൻഒസി ഇനി കാത്തിരിക്കേണ്ട; ലഭിക്കുന്ന സമയം മൂന്ന് ദിവസത്തിൽ നിന്ന് രണ്ട് മണിക്കൂറായി കുറച്ചു
ഷാർജ : അടിസ്ഥാനസൗകര്യ വികസനത്തിനും ബിസിനസ്സ് സംരംഭങ്ങൾക്കും ആശ്വാസമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആന്റ് ഗ്യാസ് അതോറിറ്റി (സെവ). വിവിധ പദ്ധതികൾക്കായി നൽകുന്ന അനാക്ഷേപ പത്രം (എൻഒസി) വിതരണം ചെയ്യുന്നതിനുള്ള സമയം സെവ മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ നിന്ന് വെറും രണ്ട് മണിക്കൂറായി കുറച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ വലിയ ചുവടുവെപ്പ്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് നടപടികളെന്ന് സെവ ഷെയർഡ് സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽറഹീം അൽ സറൂണി വ്യക്തമാക്കി. വിവരങ്ങൾ തൽസമയം പരിശോധിച്ച് അംഗീകാരം നൽകാൻ സാധിക്കുന്ന അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. നിക്ഷേപകർക്കും നിർമ്മാണ മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന ഈ സേവനത്തിനായി സെവയുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ 24 മണിക്കൂറും അപേക്ഷിക്കാനും സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.
ഷാർജ : സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യം നൽകി അപാർട്ട്മെന്റ് വാടകയ്ക്ക് നൽകാനുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ മൂന്ന് പേർക്ക് ഒരു വർഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ഷാർജ അപ്പീൽ കോടതി. ഉടമസ്ഥാവകാശമില്ലാത്ത കെട്ടിടം കാണിച്ചുനൽകി വാടക കരാറിലെത്തിയ പ്രതികൾ ഇരയിൽ നിന്ന് മുൻകൂറായി തുക കൈപ്പറ്റുകയായിരുന്നു.
തുടർന്ന് നൽകിയ വാടക കരാർ വ്യാജമാണെന്ന് ഔദ്യോഗിക പരിശോധനയിൽ വ്യക്തമായതോടെയാണ് തട്ടിപ്പിനിരയായ വ്യക്തി പോലീസിൽ പരാതി നൽകിയത്. നേരത്തെ ഷാർജ മിസ്ഡമീനർ കോടതി പ്രതികൾക്ക് മൂന്ന് മാസം തടവാണ് വിധിച്ചിരുന്നത്. എന്നാൽ ശിക്ഷ പോരെന്ന പബ്ലിക് പ്രോസിക്യൂഷന്റെ അപ്പീൽ പരിഗണിച്ചാണ് അപ്പീൽ കോടതി തടവുശിക്ഷ ഒരു വർഷമായി ഉയർത്തിയത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
സൗദി വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം; ദുബായ്, ഷാർജ സർവീസുകൾ മുടങ്ങി; ആശങ്കയിൽ യാത്രക്കാർ
ദുബായ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ദുബായിൽ നിന്നും ഷാർജയിൽ നിന്നും അബഹയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. അബഹ വിമാനത്താവളത്തിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ പ്രമുഖ എയർലൈനുകൾ അവിടേക്കുള്ള യാത്രകൾ താൽക്കാലികമായി നിർത്തിവെച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടതോടെ നിശ്ചയിച്ചിരുന്ന പല സർവീസുകളും റദ്ദാക്കേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും, യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ കസ്റ്റമർ കെയർ വഴിയോ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് വിമാന സർവീസുകളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
വ്യാജ ഫോൺ കോളുകളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; ഏഴംഗ സംഘത്തെ വലയിലാക്കി ഷാർജ പോലീസ്
ഷാർജ : സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് മൊബൈൽ ആപ്പുകൾ വഴി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ഏഷ്യൻ സ്വദേശികളായ ഏഴംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരകളെ ഫോണിൽ വിളിച്ച് വിശ്വസിപ്പിച്ച് റിമോട്ട്-ആക്സസ് (ഫോൺ നിയന്ത്രിക്കാൻ സഹായിക്കുന്ന) ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഈ ആപ്പുകൾ വഴി വ്യക്തികളുടെ ഫോണുകളും ബാങ്കിംഗ് വിവരങ്ങളും പൂർണ്ണമായി നിയന്ത്രിച്ചാണ് സംഘം അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിച്ചിരുന്നത്.
ഒരു അറബ് സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. സാധാരണക്കാരായ തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക പ്രതിഫലം നൽകിയും അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചാണ് തട്ടിപ്പ് പണം സംഘം കൈമാറ്റം ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. പ്രതികളിൽ നിന്ന് നിരവധി ബാങ്ക് കാർഡുകൾ, ചെക്ക് ബുക്കുകൾ, വ്യാജ കമ്പനി സീലുകൾ, ലാപ്ടോപ്പുകൾ എന്നിവ കണ്ടെടുത്തു. സംശയകരമായ ലിങ്കുകളോ ആപ്പുകളോ ഡൗൺലോഡ് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും അടിയന്തിര സാഹചര്യങ്ങളിൽ 999 ലും അല്ലാത്തപ്പോൾ 901 ലും പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഷാർജ : ഷാർജയിലെ ബിസിനസ് മേഖലയെ പിന്തുണയ്ക്കുന്നതിനും നിക്ഷേപകർക്കുള്ള സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി സിവിൽ ഡിഫൻസ് നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ഈ പുതിയ ആശ്വാസ നടപടി. എല്ലാത്തരം സിവിൽ ഡിഫൻസ് പിഴകൾക്കും അഗ്നിശമന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചാർജുകൾക്കും (Firefighting costs) ഈ 50 ശതമാനം കിഴിവ് ബാധകമായിരിക്കും.
2019 മുതൽ 2026 വരെയുള്ള കാലയളവിൽ ലഭിച്ച പിഴകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ജൂൺ 16 മുതൽ മൂന്ന് മാസത്തേക്കാണ് ഈ ഇളവുകളുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ 06 516 3333 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ബിസിനസ് സ്ഥാപനങ്ങളുടെ സുരക്ഷാ പെർമിറ്റ് പുതുക്കൽ ഫീസിലും സുരക്ഷാ സിസ്റ്റം വരിസംഖ്യയിലും ഷാർജ പൊലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 50 ശതമാനം ഇളവുകൾക്ക് പിന്നാലെയാണ് സിവിൽ ഡിഫൻസിന്റെയും ഈ അനുകൂല തീരുമാനം.
ഷാർജ : വ്യവസായ മേഖലകളിലെയും മറ്റ് അടിയന്തിര സാഹചര്യങ്ങളിലെയും വൻ തീപിടുത്തങ്ങൾ അതിവേഗം നേരിടുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളോടു കൂടിയ പുതിയ ഫയർ ട്രക്കുകൾ ഷാർജ സിവിൽ ഡിഫൻസ് തങ്ങളുടെ സേനയുടെ ഭാഗമാക്കി. പരിസ്ഥിതി സൗഹൃദ എൻജിനുകളുള്ള ‘IVECO T-WAY 480’ മോഡൽ വാഹനങ്ങളാണ് പുതുതായി നിരത്തിലിറക്കിയത്. കഠിനമായ ഭൂപ്രകൃതിയിലും ഓഫ്-റോഡുകളിലും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന ഈ ട്രക്കുകളിൽ 16,000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും മിനിറ്റിൽ 2,500 ലിറ്റർ വെള്ളം പമ്പ് ചെയ്യാവുന്ന അത്യാധുനിക പമ്പുമുണ്ട്. കൂടാതെ, 90 മീറ്റർ അകലേക്ക് വരെ വെള്ളം ചീറ്റാൻ ശേഷിയുള്ള റിമോട്ട് കൺട്രോൾ വാട്ടർ മോണിറ്ററും പെട്രോളിയം തീപിടുത്തങ്ങൾ അണയ്ക്കാനുള്ള പ്രത്യേക ഫോം സിസ്റ്റവും ഇതിന്റെ സവിശേഷതകളാണ്. പുതിയ ട്രക്കുകൾ എത്തുന്നതോടെ അപകടങ്ങളോടുള്ള പ്രതികരണ സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് ഉബൈദ് ഹർമൂൽ അൽ ഷംസി വ്യക്തമാക്കി.