ഷാർജ : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ ശക്തമായ പരിശോധനകളിൽ 4,757 ലഹരിക്കടത്ത് പ്രതികളെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ അന്താരാഷ്ട്ര ഓപ്പറേഷനുകളിലൂടെ 392.8 ദശലക്ഷം ദിർഹം വിലമതിക്കുന്ന ലഹരിമരുന്നുകളും സ്വത്തുക്കളുമാണ് പിടിച്ചെടുത്തത്. ഇതിൽ 1.15 കോടിയിലധികം ലഹരിഗുളികകളും 3,390 കിലോഗ്രാം മറ്റ് മയക്കുമരുന്നുകളും ഉൾപ്പെടുന്നു.
സ്പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനുകൾക്ക് പുറമെ, ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ച 3,160 വെബ്സൈറ്റുകളും പോലീസ് ബ്ലോക്ക് ചെയ്തു. ഇതോടൊപ്പം ലഹരിക്കെതിരെ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹങ്ങൾക്കിടയിൽ മാതൃഭാഷകളിൽ വിപുലമായ ബോധവൽക്കരണവും പോലീസ് സംഘടിപ്പിച്ചു.
Sharjah
ഷാർജ : ഷാർജയിലെ പോലീസ്, സിവിൽ ഡിഫൻസ്, പോലീസ് അക്കാദമി എന്നിവിടങ്ങളിലെ 1,519 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതിൽ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഉദ്യോഗസ്ഥരുടെ വിദ്യഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി സൈനിക റാങ്ക് ഘടനയിലും, സൈബർ കുറ്റകൃത്യങ്ങൾ തടയൽ, എയർപോർട്ട്-തീരദേശ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി സംഘടനാ ഘടനയിലും ഭരണാധികാരി സുപ്രധാന ഭേദഗതികൾ വരുത്തി.
ഷാർജ : എമിറേറ്റിൽ ഡ്രോണുകളുടെ (Unmanned Aerial Vehicles) ഉപയോഗം, രജിസ്ട്രേഷൻ, നിർമ്മാണം എന്നിവ നിയന്ത്രിക്കുന്നതിനായി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുതിയ കർശന നിയമം പുറപ്പെടുവിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമപാത സുരക്ഷിതമാക്കുന്നതിനുമാണ് ഈ സമഗ്രമായ നിയമനിർമ്മാണം.
പുതിയ നിയമപ്രകാരം ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ സർക്കാർ, വാണിജ്യ, ശാസ്ത്ര ഗവേഷണങ്ങൾ, വിനോദങ്ങൾ, മാധ്യമപ്രവർത്തനം എന്നിവയുൾപ്പെടെയുള്ള ഒരു ആവശ്യത്തിനും ഡ്രോണുകൾ പറത്താൻ പാടില്ല. എല്ലാ ഡ്രോൺ ഉടമകളും തങ്ങളുടെ എയർക്രാഫ്റ്റുകൾ ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിലോ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലോ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അനുമതിയില്ലാതെ ഡ്രോണുകളുടെ നിർമ്മാണം, അസംബ്ലിങ്, അറ്റകുറ്റപ്പണികൾ, പൈലറ്റ് പരിശീലനം എന്നിവ നടത്തുന്നതിനും പൂർണ്ണ വിലക്കുണ്ട്.
വ്യോമമേഖലയെ അപ്രൂവ്ഡ്, റെസ്ട്രിക്റ്റഡ്, പ്രൊഹിബിറ്റഡ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഡ്രോൺ സർവീസുകൾ നിയന്ത്രിക്കുക. ജനസാന്ദ്രത, കെട്ടിടങ്ങളുടെ ഉയരം, ലാൻഡിംഗ് ഏരിയകൾ എന്നിവ കണക്കിലെടുത്തായിരിക്കും ഈ സോണുകൾ നിശ്ചയിക്കുക. നിലവിലുള്ള ഡ്രോൺ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം പുതിയ നിയമവ്യവസ്ഥകളിലേക്ക് മാറാൻ സമയം അനുവദിച്ചിട്ടുണ്ട്.
ഷാർജ : കൺസ്യൂമർ പ്രൊട്ടക്ഷൻ (ഉപഭോക്തൃ സംരക്ഷണം) പോർട്ടലുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും നിർമ്മിച്ച് ബാങ്ക് അക്കൗണ്ടുകൾ ചോർത്തുന്ന വൻ സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെ യുഎഇ നിവാസികൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി ഷാർജ പോലീസ്. അടുത്തിടെയായി നിരവധി പേർക്ക് ഈ കെണിയിലൂടെ വൻ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരു വ്യക്തിക്ക് മാത്രം ഒറ്റക്കേസിൽ 10 ലക്ഷം ദിർഹം (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടമായതായും പോലീസ് വെളിപ്പെടുത്തി. മറ്റൊരു കേസിൽ 5 ലക്ഷം ദിർഹവും നഷ്ടപ്പെട്ടിട്ടുണ്ട്.
പരാതികൾ നൽകാനായി ആളുകൾ ഗൂഗിളിൽ ‘consumer protection’ എന്ന് തിരയുമ്പോൾ ആദ്യം ദൃശ്യമാകുന്ന ലിങ്കുകളിൽ ഭൂരിഭാഗവും ഔദ്യോഗിക ലോഗോകൾ ദുരുപയോഗം ചെയ്തുള്ള വ്യാജ സൈറ്റുകളുടേതാണ്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകുന്നതോടെ ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് പരാതി പരിഹരിക്കാനെന്ന വ്യാജേന ‘AnyDesk’ പോലുള്ള റിമോട്ട് ആക്സസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കും. ഇതുവഴി ഫോൺ സ്ക്രീൻ പൂർണ്ണമായി നിയന്ത്രിക്കുന്ന തട്ടിപ്പുകാർ ബാങ്ക് വിവരങ്ങളും ഒടിപിയും ചോർത്തി തത്സമയം പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. യുഎഇയിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന പ്രാദേശിക, അന്തർദേശീയ സംഘങ്ങളിലെ ചിലരെ അറസ്റ്റ് ചെയ്തതായും വിദേശത്തുള്ള പ്രതികൾക്കായി ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയതായും ഡിജിറ്റൽ എവിഡൻസ് വിഭാഗം മേധാവി ലഫ്റ്റനന്റ് നൗഫ് അബ്ദുൽറഹീം അൽ ഹർമൂദിയും ക്രിമിനൽ സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അഹമ്മദ് ബുഅൽസൂദും വ്യക്തമാക്കി.
ഔദ്യോഗിക യുഎഇ സർക്കാർ വെബ്സൈറ്റുകൾക്ക് എപ്പോഴും ‘.gov.ae’ എന്ന ഡൊമെയ്ൻ ഉണ്ടായിരിക്കുമെന്നും അത്തരം ലിങ്കുകൾ മാത്രം ഉപയോഗിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. യാതൊരു കാരണവശാലും ബാങ്ക് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവെക്കരുത്. എന്തെങ്കിലും സംശയകരമായ സാഹചര്യമുണ്ടായാൽ ഉടൻ തന്നെ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ഷാർജ പോലീസ് അറിയിച്ചു.
സ്വകാര്യ മ്യൂസിയങ്ങൾക്ക് ഓൺലൈൻ ലൈസൻസ് നൽകാൻ പുതിയ വെബ്സൈറ്റ് സേവനവുമായി ഷാർജ
ഷാർജ : യുഎഇയിലെ സ്വകാര്യ മ്യൂസിയം മേഖലയെ കൂടുതൽ ശക്തമാക്കാനും നിയന്ത്രിക്കാനുമായി പുതിയ ഓൺലൈൻ രജിസ്ട്രേഷൻ-ലൈസൻസിങ് സേവനം ആരംഭിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (SMA). വ്യക്തിഗത കലക്ഷനുകൾ ഉള്ളവർക്കും വിലപിടിപ്പുള്ള സാംസ്കാരിക വസ്തുക്കൾ സൂക്ഷിക്കുന്നവർക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും തങ്ങളുടെ സ്വകാര്യ മ്യൂസിയങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ ഔദ്യോഗിക അനുമതികൾ നേടുന്നതിനും ഇനി അതോറിറ്റിയുടെ വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാം.
ഷാർജ സാമ്പത്തിക വികസന വകുപ്പുമായി (SEDD) സഹകരിച്ചാണ് ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2020-ലെ 7-ാം നമ്പർ നിയമപ്രകാരം മ്യൂസിയം അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അപേക്ഷകർക്ക് തങ്ങളുടെ മ്യൂസിയത്തെക്കുറിച്ചുള്ള വിവരങ്ങൾ, സ്ഥലം, പ്രവർത്തന സമയങ്ങൾ എന്നിവ ഓൺലൈനായി സമർപ്പിക്കാം. മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന കൃത്യമായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക, സൈൻ ബോർഡുകൾ സ്ഥാപിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയും ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകളാണ്. ഷാർജയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സാംസ്കാരിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വലിയൊരു ചുവടുവെപ്പായിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
മയക്കുമരുന്നിനെതിരെ ഒരു മാസം നീളുന്ന ബോധവത്കരണ ക്യാമ്പയിനുമായി ഷാർജ പോലീസ്
ഷാർജ : യുവതലമുറയെ മയക്കുമരുന്നിന്റെ മാരകമായ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ ബോധവത്കരണ ക്യാമ്പയിന് ഷാർജ പോലീസ് തുടക്കം കുറിച്ചു. ഷാർജ പോലീസിലെ ഡയറക്ടറേറ്റ് ഓഫ് പ്രിവൻഷൻ ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗം, സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ്, ഷാർജ ഇസ്ലാമിക് ബാങ്ക്, സിറ്റി സെന്റർ അൽ സാഹിയ എന്നിവരുമായി സഹകരിച്ചാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിൽ കുടുംബങ്ങൾ, സ്കൂളുകൾ, മറ്റ് സാമൂഹിക സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള പങ്ക് വലുതാണെന്നും ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ സംസ്കാരം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. ക്യാമ്പയിന്റെ ഭാഗമായി സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ, പ്രത്യേക പരിപാടികൾ, ലഘുലേഖ വിതരണം എന്നിവ നടത്തും. മയക്കുമരുന്ന് കേവലം ഒരു ക്രമസമാധാന പ്രശ്നമല്ലെന്നും അതിലുപരി മാനുഷികവും ചികിത്സാപരവുമായ സമീപനത്തിലൂടെ ഇരകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നും പോലീസ് ഓർമ്മിപ്പിച്ചു. സഹായമോ ചികിത്സയോ ആവശ്യമുള്ളവർക്ക് 8004654 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം. വിളിക്കുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഷാർജ പോലീസ് ഉറപ്പുനൽകുന്നു.
പരിശോധനകളും ബോധവത്കരണവും ഫലം കണ്ടു; ഷാർജയിൽ അഗ്നിബാധകളും അപകടങ്ങളും കുറഞ്ഞു
ഷാർജ : കൃത്യമായ സുരക്ഷാ മുൻകരുതലുകളും കർശനമായ ഫീൽഡ് പരിശോധനകളും കാരണം ഷാർജയിൽ അഗ്നിബാധകളുടെയും മറ്റ് അപകടങ്ങളുടെയും എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. വിവിധ സർക്കാർ വകുപ്പുകളുടെയും കമ്മ്യൂണിറ്റി പങ്കാളികളുടെയും സഹകരണത്തോടെ അതോറിറ്റി നടപ്പിലാക്കിയ പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണ് ഇതെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസഫ് ഉബൈദ് ഹർമൂൽ അൽ ഷംസി പറഞ്ഞു.
2026 മെയ് മാസത്തെ തന്ത്രപരമായ പ്രവർത്തന റിപ്പോർട്ടിലാണ് അപകടങ്ങളിൽ ഉണ്ടായ ഈ കുറവ് വ്യക്തമാക്കുന്നത്. അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ അവയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന ഫീൽഡ് പരിശോധനകളും പ്രത്യേക സംയുക്ത സമിതികളുടെ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ നടത്തുന്ന സുരക്ഷാ വിലയിരുത്തലുകളുമാണ് ഇതിന് സഹായിച്ചത്. സിവിൽ ഡിഫൻസ് പട്രോളിംഗും പൊതുജനങ്ങൾക്കായി നടത്തിയ നിരന്തരമായ സുരക്ഷാ ബോധവത്കരണ ക്യാമ്പയിനുകളും ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം സുരക്ഷിതമായ ഒരു അന്തരീക്ഷം നിലനിർത്താൻ വരും ദിവസങ്ങളിലും പരിശോധനകളും ബോധവത്കരണ പ്രോഗ്രാമുകളും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അതോറിറ്റി വ്യക്തമാക്കി.
ഷാർജ : ഖോർഫക്കാനിലെ അൽ ലുലുയ്യ ബീച്ചിലുള്ള (Al Luluyah Beach) പതിനഞ്ചാം നൂറ്റാണ്ടിലെ പുരാവസ്തു പ്രദേശം നവീകരിക്കുന്നതിനായി 80 ലക്ഷം ദിർഹത്തിന്റെ പൈതൃക പദ്ധതിക്ക് ഉത്തരവിട്ട് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ആറുമാസത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഒരു പുതിയ പൈതൃക വിപണിയും (Heritage Market) നിർമ്മിക്കും.
പഴയകാല പാരമ്പര്യം നിലനിർത്തിക്കൊണ്ട് നിർമ്മിക്കുന്ന വിപണിയിൽ പരമ്പരാഗത ശൈലിയിലുള്ള 20 കടകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, തണൽ നിറഞ്ഞ നടപ്പാതകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം അറിയിച്ചു. കടൽ അഭിമുഖമായും ചരിത്ര അവശിഷ്ടങ്ങൾ കാണാൻ സാധിക്കുന്ന രീതിയിലുമായിരിക്കും ഇതിന്റെ രൂപകൽപ്പന. ഇതോടൊപ്പം കൽബ, ദിബ്ബ അൽ ഹിസ്ൻ തുടങ്ങിയ കിഴക്കൻ മേഖലകളിലും കൂടുതൽ പൈതൃക ഗ്രാമങ്ങളും മ്യൂസിയങ്ങളും നവീകരിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുറാൻ അധ്യാപകർക്ക് പുതിയ ശമ്പള പരിഷ്കരണം; ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി
ഷാർജ : ഷാർജ നോബിൾ ഖുറാൻ ആൻഡ് സുന്ന എസ്റ്റാബ്ലിഷ്മെന്റിലെ (SNQSE) അധ്യാപകർക്കും സൂപ്പർവൈസർമാർക്കും പുതിയ തൊഴിൽ-ശമ്പള വ്യവസ്ഥകൾ നിയന്ത്രിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനത്തിന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (SEC) അംഗീകാരം നൽകി. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം, ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
വിദ്യാഭ്യാസ നിലവാരം ഉയർത്താനും യോഗ്യരായ അധ്യാപകരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കരണം. ഇതിനൊപ്പം സ്ഥാപനത്തിലെ അച്ചടക്ക നടപടികൾക്കും ഭരണപരമായ ലംഘനങ്ങൾക്കുമുള്ള പുതിയ നിയമാവലിക്കും കൗൺസിൽ അംഗീകാരം നൽകി. കൂടാതെ, ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റിന്റെ 2025-ലെ വാർഷിക റിപ്പോർട്ടും യോഗം വിലയിരുത്തി. ഇതനുസരിച്ച് കഴിഞ്ഞ വർഷം 11,683 സ്വദേശി പൗരന്മാർക്കായി 50 കോടിയിലധികം ദിർഹത്തിന്റെ (Dh500 million) സാമൂഹിക സഹായം നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുതിർന്ന പൗരന്മാർക്കുള്ള പരിചരണ കേന്ദ്രങ്ങൾ, കുട്ടികളുടെയും കുടുംബങ്ങളുടെയും സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ഡിപ്പാർട്ട്മെന്റ് നടത്തിയ മികച്ച പ്രവർത്തനങ്ങളെ കൗൺസിൽ അഭിനന്ദിച്ചു.
അൽ ദൈദ് സിറ്റിക്ക് പുറത്തുകൂടി പുതിയ ട്രക്ക് പാത; ഉത്തരവിട്ട് ഷാർജ ഭരണാധികാരി
ഷാർജ : അൽ ദൈദ് (Al Dhaid) സിറ്റി സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ഹെവി ട്രക്കുകൾക്കായി പുതിയ ബദൽ പാത ഒരുക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നഗരമധ്യത്തിലൂടെയുള്ള ട്രക്കുകളുടെ നിരന്തരമായ സർവീസ് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഷാർജ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടൊപ്പം അൽ ദൈദിലെ എല്ലാ സർക്കാർ വകുപ്പുകളെയും അൽ ദൈദ് യൂണിവേഴ്സിറ്റി സ്ക്വയറിനും അൽ ദൈദ് സ്ക്വയറിനും ഇടയിലുള്ള റോഡിലെ പുതിയ അത്യാധുനിക കെട്ടിടങ്ങളിലേക്ക് മാറ്റാനും അദ്ദേഹം നിർദ്ദേശിച്ചു. നഗരത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിൽ അൽ ദൈദ് നഗരസഭയ്ക്കായി പുതിയൊരു ആസ്ഥാന മന്ദിരവും ഈ റോഡിൽ നിർമ്മിക്കും. നിലവിൽ റഷ് അവറുകളിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സമയനിയന്ത്രണങ്ങൾക്ക് പുറമെയാണ് ഇപ്പോൾ പുതിയ ബദൽ പാത വരുന്നത്. ഇത് നഗരത്തിലെ താമസക്കാർക്ക് വലിയ ആശ്വാസമാകും.