അബുദാബി : എൽ നിനോ (El Niño) കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ ഛാഡിൽ രൂപപ്പെട്ട രൂക്ഷമായ ഭക്ഷ്യക്ഷാമവും പട്ടിണിയും പരിഹരിക്കുന്നതിനായി 8 ദശലക്ഷം ഡോളറിന്റെ (ഏകദേശം 2.93 കോടി ദിർഹം) അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ‘യുഎഇ എയ്ഡ് ഏജൻസി’ (UAE Aid Agency) വഴിയാണ് ഈ തുക അനുവദിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിലുണ്ടായ തകർച്ചയും പോഷകാഹാരക്കുറവും നേരിടുന്ന പ്രാദേശിക സമൂഹങ്ങൾക്ക് ഈ സഹായം വലിയ ആശ്വാസമാകും.
ഉയർന്ന താപനില, മഴയുടെ ലഭ്യതക്കുറവ്, കുടിവെള്ള ക്ഷാമം എന്നിവ കാരണം പ്രതിസന്ധിയിലായ ജനങ്ങൾക്ക് അടിയന്തിര ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനാണ് പ്രാഥമിക മുൻഗണന നൽകുന്നതെന്ന് യുഎഇ എയ്ഡ് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ ആമരി പറഞ്ഞു. താൽക്കാലിക ആശ്വാസത്തിനപ്പുറം, ഭാവിയിലുണ്ടാകുന്ന ഇത്തരം പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ഛാഡിലെ ജനങ്ങളെ പ്രാപ്തരാക്കുന്ന ദീർഘകാല പദ്ധതികളും ഇതിലൂടെ നടപ്പിലാക്കും. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്ന യുഎഇയുടെ ജീവകാരുണ്യ നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
Abudhabi
ഓപ്പറേഷണൽ റിസ്ക് ബാങ്കിംഗ് സുരക്ഷ ശക്തമാക്കാൻ കർശന മാനദണ്ഡങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി : ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ പ്രവർത്തന തടസ്സങ്ങളും നഷ്ടങ്ങളും ഒഴിവാക്കുന്നതിനായി ‘ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ്’ (Operational Risk Management) മുൻനിർത്തി പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തി യുഎഇ സെൻട്രൽ ബാങ്ക്. 2026 സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വന്ന സി 1/2026 (Regulation No. C 1/2026) നമ്പർ റഗുലേഷൻ പ്രകാരം ബാങ്കുകൾക്ക് പുറമെ രാജ്യത്ത് പ്രവർത്തിക്കുന്ന ലൈസൻസുള്ള മുഴുവൻ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാണ്. പണമിടപാട് തടസ്സപ്പെടുന്നത് ഒഴിവാക്കുക, വേഗത്തിൽ സേവനങ്ങൾ പുനഃസ്ഥാപിക്കുക എന്നിവയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.
ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റിലും സ്ഥാപനങ്ങളുടെ പ്രവർത്തനപരമായ അതിജീവന ശേഷിയിലും (Operational Resilience) പാലിക്കേണ്ട കുറഞ്ഞ നിബന്ധനകളാണ് പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യാനുസരണം കൂടുതൽ നിയമങ്ങളും കൃത്യമായ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കാൻ സെൻട്രൽ ബാങ്കിന് ഈ നിയമപ്രകാരം പൂർണ്ണ അധികാരമുണ്ടായിരിക്കും. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്കിംഗ് മേഖലയുടെ സുസ്ഥിരത ഉറപ്പുവരുത്താൻ ഈ ഇടപെടൽ സഹായിക്കും.
വിദ്യാർത്ഥികൾക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും ഇൻഫ്ലുവൻസ വാക്സിൻ മുൻഗണന നൽകി യുഎഇ
അബുദാബി : 2026-27 ദേശീയ സീസണൽ ഇൻഫ്ലുവൻസ പ്രതിരോധ കാമ്പെയ്ന്റെ ഭാഗമായി കൂടുതൽ ജനവിഭാഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് മുൻഗണന നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. സ്കൂൾ വിദ്യാർത്ഥികൾ, ഹജ്ജ്-ഉംറ തീർത്ഥാടനത്തിന് പോകുന്നവർ എന്നിവരെക്കൂടി വാക്സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ (Priority Groups) പുതുതായി ഉൾപ്പെടുത്തി. സീസണൽ രോഗങ്ങൾ പടരുന്നതിന് മുന്നോടിയായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഗർഭിണികൾ, ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവരാണ് മുൻഗണനാ പട്ടികയിലുള്ള മറ്റ് വിഭാഗങ്ങൾ. ചൊവ്വാഴ്ച ആരംഭിച്ച സീസണൽ ശ്വാസകോശ രോഗ ബോധവൽക്കരണ കാമ്പെയ്നിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റ്സ് ഹെൽത്ത് സർവീസസിന് (EHS) കീഴിലുള്ള 121 ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കിടയിലെ രോഗപ്പകർച്ച തടയാനായി സ്കൂളുകൾ കേന്ദ്രീകരിച്ചും പ്രത്യേക വാക്സിനേഷൻ, ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
അബുദാബി : ബാങ്കിംഗ് സേവനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ, സൈബർ ആക്രമണങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കർശന നിയന്ത്രണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുത്തി യുഎഇ സെൻട്രൽ ബാങ്ക്. 2026 സെപ്റ്റംബർ 14 മുതൽ നിലവിൽ വന്ന പുതിയ ‘ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ്’ (Operational Risk Management) ചട്ടങ്ങൾ രാജ്യത്തെ ബാങ്കുകൾക്കും അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്. 2018-ൽ പുറപ്പെടുവിച്ച പഴയ നിർദ്ദേശങ്ങൾക്ക് പകരമായാണ് ഈ പുതിയ സമഗ്ര നിയമനിർമ്മാണം നടത്തിയിരിക്കുന്നത്.
മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ഡിജിറ്റൽ വാലറ്റുകൾ, ഓൺലൈൻ പണമിടപാടുകൾ എന്നിവ വ്യാപകമായ സാഹചര്യത്തിൽ ഉണ്ടാകുന്ന ഏതൊരു സാങ്കേതിക തടസ്സവും ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതിനാലാണ് സെൻട്രൽ ബാങ്കിന്റെ ഈ ഇടപെടൽ. പുതിയ നിർദ്ദേശപ്രകാരം, ഓരോ ബാങ്കും അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സമഗ്രമായ മുൻകരുതൽ പദ്ധതികൾ തയ്യാറാക്കണം. പണമിടപാടുകൾ, ശമ്പളം ലഭിക്കുന്ന അക്കൗണ്ടുകൾ, കാർഡ് സേവനങ്ങൾ തുടങ്ങിയ നിർണ്ണായക പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കാൻ കൃത്യമായ സമയപരിധിയും മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങളുണ്ടായാൽ സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ ബാങ്കുകൾക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കും.
അബുദാബി : യുഎഇയിൽ പരിശീലന ദൗത്യത്തിനിടെ വീരമൃത്യു വരിച്ച രണ്ട് യുഎഇ സൈനികർക്കും ഔദ്യോഗിക മിലിട്ടറി സംസ്കാരച്ചടങ്ങുകൾ നടന്നു. അബുദാബിയിലെ സായിദ് മിലിട്ടറി ഹോസ്പിറ്റലിൽ തിങ്കളാഴ്ചയാണ് ചടങ്ങുകൾ നടന്നത്. 2026 സെപ്റ്റംബർ 14-ന് നടന്ന പരിശീലനത്തിനിടെ മരണപ്പെട്ട മേജർ അബ്ദുള്ള ഷാമിസ് അൽ മൻഹാലി, ഓഫീസർ കേഡറ്റ് സഈദ് അബ്ദുള്ള അൽ ഷംസി എന്നിവരുടെ ഭൗതികശരീരങ്ങളാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.
യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും കമാൻഡർമാരും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് പ്രതിരോധ മന്ത്രാലയം വീണ്ടും ആഴത്തിലുള്ള അനുശോചനവും സഹതാപവും രേഖപ്പെടുത്തി. വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് വിയോഗം താങ്ങാനുള്ള കരുത്ത് നൽകട്ടെയെന്ന് മന്ത്രാലയം പ്രാർത്ഥിച്ചു.
അബുദാബി : കരാർ വ്യവസ്ഥകൾ ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ പരാജയപ്പെട്ട വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിക്കും മാനേജർക്കും എതിരെ അബുദാബി കോടതിയുടെ നിർണ്ണായക വിധി. മുൻകൂറായി വാങ്ങിയ 12,640 ദിർഹം തിരികെ നൽകാനും, ഉപഭോക്താവിന് സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം കൂടി നൽകാനുമാണ് അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കൊമേഴ്സ്യൽ കോടതി ഉത്തരവിട്ടത്.
ആകെ 61,000 ദിർഹത്തിന്റെ കരാറിലാണ് യുവാവ് കമ്പനിയുമായി ഒപ്പുവെച്ചിരുന്നത്. ഇതിന്റെ അഡ്വാൻസ് തുകയായി 12,640 ദിർഹം മാനേജരുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. എന്നാൽ നിശ്ചയിച്ച തീയതിയിൽ ചടങ്ങ് നടത്തുന്നതിൽ കമ്പനി പൂർണ്ണമായും വീഴ്ച വരുത്തി. തുടർന്ന് അവസാന നിമിഷം മറ്റൊരു കമ്പനിയെ സമീപിച്ച് വൻ തുക ചെലവഴിച്ചാണ് യുവാവ് വിവാഹം നടത്തിയത്. നോട്ടീസ് അയച്ചിട്ടും കമ്പനി പ്രതിനിധികളാരും കോടതിയിൽ ഹാജരായിരുന്നില്ല. കരാർ ലംഘനം വ്യക്തമായതോടെ മുൻകൂർ തുകയും നഷ്ടപരിഹാരവും കേസിന്റെ കോടതിച്ചെലവുകളും നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
ഒഡീഷയുടെ പുതിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ യുഎഇ പങ്കാളിത്തം തേടി മുഖ്യമന്ത്രി മോഹൻ ചരൺ മാജി
അബുദാബി : 2036 ഓടെ 500 ബില്യൺ ഡോളർ സമ്പദ്വ്യവസ്ഥയും 2047 ഓടെ 1.5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയും കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയിൽ നിന്നുള്ള നിക്ഷേപങ്ങൾ ക്ഷണിച്ച് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ അദ്ദേഹം ഗൾഫ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാവസായിക വളർച്ച, സാങ്കേതികവിദ്യ, ശുദ്ധോർജ്ജം, ലോജിസ്റ്റിക്സ്, ടൂറിസം എന്നീ മേഖലകളിൽ യുഎഇയുമായി ദീർഘകാല തന്ത്രപ്രധാന സഹകരണമാണ് ഒഡീഷ ലക്ഷ്യമിടുന്നത്.
അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയും (IHC) അദാനി ഗ്രൂപ്പും ചേർന്ന് ഒഡീഷയിൽ 11.5 ബില്യൺ ഡോളറിന്റെ അലുമിനിയം കോംപ്ലക്സ് പദ്ധതി ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ യുഎഇ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ നീക്കം സജീവമാക്കിയത്. 2025-26 സാമ്പത്തിക വർഷത്തിൽ 7.9% സാമ്പത്തിക വളർച്ച കൈവരിച്ച ഒഡീഷ, കേവലം ഖനന മേഖലയിൽ മാത്രം ഒതുങ്ങാതെ നിർമ്മാണ, സാങ്കേതിക മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അബുദാബി : യുഎഇയിൽ നിശ്ചിത പരിധിക്ക് മുകളിലുള്ള റോക്കം (Cash) ഇടപാടുകൾ, ജീവനക്കാരുടെ താമസസൗകര്യം, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത നികുതി (VAT) നിയമങ്ങളിൽ പ്രധാന ഭേദഗതികൾ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രാലയം. 2017-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 8-ന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ മാറ്റങ്ങൾ വരുത്തി 2026-ലെ ക്യാബിനറ്റ് തീരുമാനം നമ്പർ 149 പുറപ്പെടുവിച്ചു. നികുതി നടപടിക്രമങ്ങൾ ലളിതമാക്കാനും, നികുതി വെട്ടിപ്പ് തടയാനും, ബിസിനസ്സ് സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കാനുമാണ് ഈ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.
പുതിയ ഭേദഗതി പ്രകാരം, ധനകാര്യ മന്ത്രാലയം പ്രത്യേകം നിശ്ചയിക്കുന്ന പരിധിക്ക് മുകളിലുള്ള ക്യാഷ് ഇടപാടുകൾക്ക് ഇൻപുട്ട് ടാക്സ് തിരികെ ലഭിക്കുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടാകും. ജീവനക്കാർക്ക് താമസസൗകര്യം നൽകുന്ന സ്ഥാപനങ്ങൾക്ക് ഇൻപുട്ട് ടാക്സ് വീണ്ടെടുക്കുന്നതിലും മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണത്തിലും ഇറക്കുമതിയിലും പുതിയ വ്യക്തത വരുത്തിയിട്ടുണ്ട്. വാറ്റ് നിയമങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കാനും ബിസിനസ്സ് രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടി.
മേഖലാ സുരക്ഷയ്ക്ക് ഇയു-ജിസിസി സഹകരണവും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും പ്രധാനം
അബുദാബി : ഗൾഫ് മേഖലയിലെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും യൂറോപ്യൻ യൂണിയനും ജിസിസി രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഹോർമുസ് കടലിടുക്കിലെ തടസ്സമില്ലാത്ത കപ്പൽ ഗതാഗത സ്വാതന്ത്ര്യവും നിർണ്ണായകമാണെന്ന് ഗൾഫ് മേഖലയിലെ ഇയു പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോ. അബുദാബിയിൽ നടന്ന ‘ഹിലി ഫോറത്തിൽ’ (Hili Forum) സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിസിസി രാജ്യങ്ങളുടെ സുരക്ഷ യൂറോപ്പിന്റെയും സുരക്ഷയാണെന്നും, നയതന്ത്ര ചർച്ചകളിലൂടെ ഇറാന്റെ ആണവായുധ സ്വപ്നങ്ങൾ തടയുക എന്നത് ഇരുവിഭാഗത്തിന്റെയും പൊതുവായ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രപ്രധാനമായ മൂന്ന് മുൻഗണനകളാണ് ഡി മായോ മുന്നോട്ടുവെച്ചത്: നയതന്ത്ര മേഖലയിലെ ബഹുമുഖ സഹകരണം, പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് ഇടനാഴി (IMEC) ഉൾപ്പെടെയുള്ള വ്യാപാര-ഊർജ്ജ ശൃംഖലകൾ മെച്ചപ്പെടുത്തൽ എന്നിവയാണവ. മേഖലയുടെ ഭാവി സുരക്ഷാ ചർച്ചകളിൽ ജിസിസി രാജ്യങ്ങളെ ഒഴിവാക്കരുതെന്നും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് കടൽമാർഗ്ഗമുള്ള വ്യാപാരം സുരക്ഷിതമാക്കുന്നത് ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.