അബുദാബി: ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന വൻകിട സൈബർ ആക്രമണങ്ങളെ യുദ്ധപ്രവർത്തനമായി (Act of war) പരിഗണിക്കുന്നതിന് ആഗോളതലത്തിൽ ‘സൈബർ ജനീവ കൺവെൻഷൻ’ രൂപീകരിക്കണമെന്ന് യുഎഇ. അബുദാബിയിൽ നടക്കുന്ന ഹിലി ഫോറത്തിൽ സംസാരിക്കവെ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യങ്ങളുടെ ഡിജിറ്റൽ ആസ്തികൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങളും നിർവ്വചനങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ രാജ്യത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പുറമെ സൈബർ ഭീഷണികളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ലോക്ഹീഡ് മാർട്ടിൻ, ജി42 (G42) തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചർച്ചയിൽ, സൈബർ-വ്യോമ പ്രതിരോധ സംവിധാനങ്ങൾ സംയോജിപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. എഐ അധിഷ്ഠിത സൈനിക പ്രതിരോധങ്ങളിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ മനുഷ്യന്റെ ഇടപെടൽ (Human in the loop) അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി.
Abudhabi
അബുദാബി: യുഎഇയിൽ പ്രവർത്തനം ആരംഭിച്ച് 17 വർഷം പിന്നിട്ടതിന്റെ ആഘോഷങ്ങൾ അബുദാബിയിലെ അൽ വഹ്ദ മാളിൽ വെച്ച് സംഘടിപ്പിച്ച് ലുലു എക്സ്ചേഞ്ച്. 2009-ൽ കമ്പനിയുടെ ആദ്യ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ആരംഭിച്ച അതേ സ്ഥലത്തുതന്നെ സംഘടിപ്പിച്ച വാർഷികാഘോഷത്തിൽ ഉപഭോക്താക്കളും ജീവനക്കാരും ലുലു മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞ 17 വർഷത്തിനിടയിൽ രാജ്യത്തുടനീളം സാന്നിധ്യം വിപുലീകരിച്ച ലുലു എക്സ്ചേഞ്ചിന് നിലവിൽ യുഎഇയിലുടനീളം 170-ലധികം ശാഖകളും ലുലു മണി ആപ്പ് വഴിയുള്ള ഡിജിറ്റൽ സേവനങ്ങളുമുണ്ട്. ഉപഭോക്താക്കളും ജീവനക്കാരും അർപ്പിച്ച വിശ്വാസമാണ് കമ്പനിയുടെ വിജയത്തിന് പിന്നിലെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി കമ്പനിയിൽ 17 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും ദീർഘകാല ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിച്ചു. ലുലു എക്സ്ചേഞ്ച് സംഘടിപ്പിച്ച റേഡിയോ പ്രചാരണത്തിലെ വിജയിക്ക് പുതിയ ലിവാൻ X6 പ്രോ കാറിന്റെ കീ കൈമാറുകയും മറ്റൊരു വിജയിക്ക് അർജന്റീന നാഷണൽ ടീമിന്റെ ഔദ്യോഗിക ജേഴ്സി സമ്മാനിക്കുകയും ചെയ്തു.
അബുദാബി: വാട്ട്സ്ആപ്പിലൂടെ യുവാവിനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതി പരാതിക്കാരന് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി ഫാമിലി, സിവില് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോർട്ട് ഉത്തരവിട്ടു. മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിനാണ് ഈ നടപടി. നേരത്തെ ക്രിമിനൽ കോടതി ഇതേ കേസിൽ യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും, ഫോൺ നമ്പറും വാട്ട്സ്ആപ്പ് അക്കൗണ്ടും റദ്ദാക്കി മൂന്ന് മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് 20,000 ദിർഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് യുവാവ് സിവില് കോടതിയെ സമീപിച്ചത്. പോലീസിലും പബ്ലിക് പ്രോസിക്യൂഷനിലും പരാതി നൽകാൻ ചെലവായ തുകയും കേസ് മൂലമുണ്ടായ മാനസിക വിഷമങ്ങളും കണക്കിലെടുത്താണ് സിവില് കോടതി 5,000 ദിർഹം നഷ്ടപരിഹാരവും കേസിന്റെ കോടതിച്ചെലവുകളും യുവതി വഹിക്കണമെന്ന് വിധി പ്രസ്താവിച്ചത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീഷണികളും അധിക്ഷേപങ്ങളും യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്.
അബുദാബി: ഭൗമരാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക വെല്ലുവിളികൾക്കിടയിൽ ഗൾഫ് മേഖലയുടെ തന്ത്രപ്രധാനമായ ഭാവി തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനായി ‘ഹിലി ഫോറം 2026’ (Hili Forum 2026) അബുദാബിയിൽ ആരംഭിച്ചു. സെപ്റ്റംബർ 7, 8 തീയതികളിൽ സാദിയാത്ത് ഐലൻഡിലെ സെന്റ് റെജിസ് റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ചും (ECSSR) അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും (AGDA) സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ‘ഗൾഫ് അറ്റ് ക്രോസ്റോഡ്സ്: കോൺഫ്ലിക്റ്റ്, കോൺസിക്വൻസസ് ആൻഡ് കോഴ്സ് കറക്ഷൻ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
35-ലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികളും 75 പ്രമുഖ പ്രഭാഷകരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി, യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. മേഖലയിലെ സുരക്ഷാ സങ്കീർണ്ണതകൾ, ഊർജ്ജ-വ്യാപാര ഇടനാഴികളുടെ സുരക്ഷിതത്വം, എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വളർച്ച എന്നിവ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങളാണെന്ന് സംഘാടകർ അറിയിച്ചു.
ശമ്പളദിനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാൻ അബുദാബി പോലീസ്
അബുദാബി : ശമ്പളം ലഭിക്കുന്ന ദിവസങ്ങൾ ലക്ഷ്യമിട്ട് രാജ്യത്ത് ഓൺലൈൻ, സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതായി അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ഓഫറുകളും ലിങ്കുകളും നൽകി പണവും വ്യക്തിഗത വിവരങ്ങളും കവരുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗികവും വിശ്വസനീയവുമായ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്താനും വാഗ്ദാനങ്ങളിൽ വീഴരുതെന്നും പോലീസ് വ്യക്തമാക്കുന്നു.
വ്യാജ വസ്തു പരസ്യങ്ങൾ, വിസ സേവനങ്ങൾ, ജോലി വാഗ്ദാനങ്ങൾ, സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ, ആഡംബര വാച്ചുകൾ എന്നിവ കുറഞ്ഞ വിലയിൽ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. ബാങ്ക് വിവരങ്ങൾ, പാസ്വേഡ്, ഒടിപി (OTP) എന്നിവ ആരോടും പങ്കുവെക്കരുതെന്നും മുൻകൂറായി പണം നൽകരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 8002626 എന്ന നമ്പറിലോ, 2828 ലേക്ക് എസ്എംഎസ് അയച്ചോ, aman@adpolice.gov.ae എന്ന ഇമെയിൽ വഴിയോ ‘അമാൻ’ (Aman) സേവനത്തിൽ റിപ്പോർട്ട് ചെയ്യാം.
അബുദാബി : യുഎഇയിലെ വ്യവസായ, ഊർജ്ജ മേഖലകളിൽ വൻ തൊഴിൽ വിപ്ലവത്തിന് വഴിയൊരുങ്ങി സാങ്കേതിക അറിവുകളുള്ള ജീവനക്കാർക്ക് ആവശ്യക്കാറേറുന്നു. രാജ്യത്തെ നിലവിലുള്ള തൊഴിലുകളിൽ 20 ശതമാനവും (അഞ്ചിൽ ഒന്ന്) റോബോട്ടിക്സ് ഓപ്പറേഷൻ സൂപ്പർവൈസർ, എഐ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ടെക്നീഷ്യൻ തുടങ്ങിയ തികച്ചും പുതിയ തരം തസ്തികകളായി മാറുമെന്ന് യുഎഇ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറത്തുവിട്ട ‘എമിറേറ്റ്സ് സ്കിൽസ് ഇൻഡിക്കേറ്റേഴ്സ്’ പ്രകാരം നിലവിലുള്ള 87 ശതമാനം ജോലികളിലും അഡ്വാൻസ്ഡ് എൻജിനീയറിങ്, സെയിൽസ് മേഖലകളിലും വിദഗ്ദ്ധർക്ക് ആവശ്യക്കാറേറും.
നിർമ്മിത ബുദ്ധിയും (AI) നാലാം വ്യവസായ വിപ്ലവവുമാണ് ഈ മാറ്റത്തിന് വേഗം കൂട്ടുന്നത്. അതേസമയം, പരമ്പരാഗത ഭരണനിർവ്വഹണ, ഓഫീസ് സഹായ തസ്തികകൾ ഉൾപ്പെടുന്ന 13 ശതമാനം ജോലികളും ഡിജിറ്റൽ വൽക്കരണവും ഓട്ടോമേഷനും കാരണം വരുംദിവസങ്ങളിൽ കുറഞ്ഞുവരും. ആഗോള വിപണിയിൽ യുഎഇയുടെ മത്സരശേഷി നിലനിർത്തുന്നതിനായി വിദ്യാഭ്യാസ രംഗത്തെയും തൊഴിൽ വിപണിയുടെ ആവശ്യകതകളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
അബുദാബി : ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരാനും യുഎഇ നിവാസികൾക്ക് നിർദ്ദേശം. രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും, പ്രാദേശിക വ്യോമപാതകളിലെ നിയന്ത്രണങ്ങൾ കാരണം ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തിട്ടുണ്ട്. ബഹ്റൈൻ, കുവൈറ്റ്, അമ്മൻ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. യാത്രികർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായി തുടരുകയാണ്. റെഡ് സീ, ഹോർമുസ് കടലിടുക്ക് വഴി നടത്തുന്ന കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളും സൈനിക തിരിച്ചടികളും ആഗോള തലത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളിൽ വീഴാതെ അതത് വിമാനക്കമ്പനികളും ഭരണകൂടവും നൽകുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും, അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ യാത്രാ രേഖകൾ തയ്യാറാക്കി വെക്കാനും യുഎഇ നിവാസികളോട് നിർദ്ദേശിക്കുന്നു.
അബുദാബി : വേനൽക്കാല സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി ബിസിനസ്സ് സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും തീപിടുത്ത പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും ശക്തമാക്കണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിലെ ഫയർ അലാറം, ഫയർ ഫൈറ്റിംഗ് സിസ്റ്റങ്ങൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാരെ സജ്ജരാക്കാനും അതോറിറ്റി ഉടമകളോട് നിർദ്ദേശിച്ചു.
തീപിടുത്ത മുന്നറിയിപ്പ് സംവിധാനങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുതന്നെ പതിവായി പരിശോധിക്കുകയും പരിപാലിക്കുകയും വേണം. എമർജൻസി എക്സിറ്റുകൾ വ്യക്തമായി അടയാളപ്പെടുത്താനും, രക്ഷാമാർഗ്ഗങ്ങളിലെ തടസ്സങ്ങളും സാധന സാമഗ്രികളും നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ജീവനക്കാർക്ക് പതിവായി മോക്ക് ഡ്രില്ലുകളും ഒഴിപ്പിക്കൽ പരിശീലനങ്ങളും നൽകണം. വേനൽക്കാലത്ത് ജീവനും സ്വത്തിനും ബിസിനസ്സ് തുടർച്ചയ്ക്കും സംരക്ഷണം നൽകാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
അബുദാബി : അബുദാബി റാഹ ഇന്റർനാഷണൽ സ്കൂളിലെ വി വൈസ് പ്രിൻസിപ്പലായ കരോൾ പ്രാറ്റ് കാനഡയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. കാനഡയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കാൽഗറിയിൽ നിന്നും എസ്റ്റെവാനിലേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ കരോളിന്റെ മാതാപിതാക്കളായ ജൂഡിയും ജിമ്മും തൽക്ഷണം മരണപ്പെടുകയും, കൗമാരക്കാരനായ മകൻ ആൽഫി ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയുമാണ്.
കരോളിന്റെ വിയോഗവാർത്ത ഭർത്താവ് സ്റ്റീവ് പ്രാറ്റ് സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്. വിദ്യാഭ്യാസ രംഗത്തെ ചാരിതാർത്ഥ്യമാർന്ന സംഭാവനകളും കരുണാർദ്രമായ പെരുമാറ്റവും കൊണ്ട് വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും മനംകവർന്ന മികച്ചൊരു അധ്യാപികയായിരുന്നു കരോളെന്ന് സ്കൂൾ മാനേജ്മെന്റായ ‘തഅ് ലീം’ (Taaleem) സി.ഇ.ഒ അലൻ വില്യംസൺ അനുശോചിച്ചു. കരോളിന്റെ അപ്രതീക്ഷിത വിയോഗത്തിൽ റാഹ ഇന്റർനാഷണൽ സ്കൂൾ സമൂഹവും അബുദാബിയിലെ പ്രവാസി കൂട്ടായ്മയും കടുത്ത ദുഃഖത്തിലാണ്.