അബുദാബി : രോഗികളുടെ സുരക്ഷ മുൻകൂട്ടി ഉറപ്പാക്കുന്നതിനായി അബുദാബി നടപ്പിലാക്കിയ AI അധിഷ്ഠിത ‘പേഷ്യന്റ് സേഫ്റ്റി സിസ്റ്റം’ എമിറേറ്റിലെ 100 ശതമാനം ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു. പദ്ധതി ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അബുദാബിയിലെ എല്ലാ ആശുപത്രികളെയും ഡയാലിസിസ് സെന്ററുകൾ, ഫെർട്ടിലിറ്റി സെന്ററുകൾ, ദീർഘകാല പരിചരണ കേന്ദ്രങ്ങൾ എന്നിവയെയും ഈ നെറ്റ്വർക്കിലേക്ക് ബന്ധിപ്പിച്ചത്. അബുദാബി ആരോഗ്യ വകുപ്പ് (DoH) ആണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ 60,000-ത്തിലധികം ആരോഗ്യ പ്രവർത്തകരാണ് ഈ സ്മാർട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. രോഗികൾക്കുണ്ടാകാൻ ഇടയുള്ള ആരോഗ്യപരമായ അപകടസാധ്യതകളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ ഈ സിസ്റ്റം സഹായിക്കും. എമിറേറ്റിലെ മുഴുവൻ ആരോഗ്യ സംരക്ഷണ മേഖലയിൽ നിന്നുമുള്ള വിവരങ്ങൾ സംയോജിപ്പിച്ച് വിശകലനം ചെയ്യുന്നതിലൂടെ രോഗീ പരിചരണത്തിന്റെ നിലവാരം കൂടുതൽ ഉയർത്താനും അടിയന്തിര സാഹചര്യങ്ങൾ പ്രതിരോധിക്കാനും അബുദാബിക്ക് സാധിക്കുന്നുണ്ട്.
Health
വിദ്യാർത്ഥികൾക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും ഇൻഫ്ലുവൻസ വാക്സിൻ മുൻഗണന നൽകി യുഎഇ
അബുദാബി : 2026-27 ദേശീയ സീസണൽ ഇൻഫ്ലുവൻസ പ്രതിരോധ കാമ്പെയ്ന്റെ ഭാഗമായി കൂടുതൽ ജനവിഭാഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് മുൻഗണന നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. സ്കൂൾ വിദ്യാർത്ഥികൾ, ഹജ്ജ്-ഉംറ തീർത്ഥാടനത്തിന് പോകുന്നവർ എന്നിവരെക്കൂടി വാക്സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ (Priority Groups) പുതുതായി ഉൾപ്പെടുത്തി. സീസണൽ രോഗങ്ങൾ പടരുന്നതിന് മുന്നോടിയായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഗർഭിണികൾ, ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവരാണ് മുൻഗണനാ പട്ടികയിലുള്ള മറ്റ് വിഭാഗങ്ങൾ. ചൊവ്വാഴ്ച ആരംഭിച്ച സീസണൽ ശ്വാസകോശ രോഗ ബോധവൽക്കരണ കാമ്പെയ്നിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റ്സ് ഹെൽത്ത് സർവീസസിന് (EHS) കീഴിലുള്ള 121 ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കിടയിലെ രോഗപ്പകർച്ച തടയാനായി സ്കൂളുകൾ കേന്ദ്രീകരിച്ചും പ്രത്യേക വാക്സിനേഷൻ, ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
യുഎഇ : മൾട്ടിപ്പിൾ സ്ക്ലിറോസിസ് (MS) ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കിയേക്കാവുന്ന പുതിയ മരുന്നിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് യുഎസ് എഫ്ഡിഎ (FDA) അനുമതി നൽകി. ക്വാണ്ടം ബയോഫാർമ വികസിപ്പിച്ച ‘ലൂസിഡ്-എംഎസ്’ (Lucid-MS) എന്ന മരുന്നാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. നിലവിലുള്ള എംഎസ് മരുന്നുകൾ പ്രതിരോധ സംവിധാനത്തെ അടിച്ചമർത്താൻ (Immune suppression) മാത്രം ശ്രദ്ധിക്കുമ്പോൾ, നശിച്ചുപോയ നാഡീവ്യൂഹത്തിലെ മൈലിൻ ഷീത്തുകളെ (Myelin sheath) സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും നേരിട്ട് ലക്ഷ്യമിടുന്ന ആദ്യ മരുന്നാണിത്.
ഇതൊരു വലിയ ശാസ്ത്രീയ മുന്നേറ്റമാണെങ്കിലും മരുന്ന് പൂർണ്ണമായും ഫലപ്രദമാണെന്ന് തെളിയിക്കപ്പെടാൻ ഇനിയും പരീക്ഷണങ്ങൾ പൂർത്തിയാകേണ്ടതുണ്ടെന്ന് ഷെയ്ഖ് സാഖർ അൽ ഖാസിമി ആശുപത്രിയിലെ ഡോ. താലിബ് റൂയിന്റാൻ വ്യക്തമാക്കി. രോഗം മൂലം ശരീരത്തിനുണ്ടായ വൈകല്യങ്ങൾ പൂർണ്ണമായി മാറ്റാൻ ഇതിന് കഴിയുമോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുഎഇയിൽ എംഎസ് ഗവേഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് നാഷണൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി (NMSS) ഗവേഷണ വിഭാഗം മാനേജർ യാസ്മിൻ മിത്വാലി പറഞ്ഞു. യുഎഇയിൽ ശരാശരി 26 വയസ്സുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് രോഗസാധ്യത മൂന്നിരട്ടിയാണ്. പ്രാദേശികമായ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2025-ൽ മാത്രം 1.1 കോടി ദിർഹമാണ് സൊസൈറ്റി ഗവേഷണ ഫണ്ടായി അനുവദിച്ചത്.
ലക്ഷണങ്ങളില്ലാതെ വൃക്ക രോഗങ്ങൾ വ്യാപിക്കുന്നു: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ
ദുബായ് : പ്രാരംഭ ഘട്ടത്തിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാതെ വൃക്കകളെ ഗുരുതരമായി ബാധിക്കുന്ന വിട്ടുമാറാത്ത വൃക്കരോഗങ്ങൾ (Chronic Kidney Disease) യുഎഇയിൽ വർദ്ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗം വൻതോതിൽ പ്രകടനമാകുന്ന ഘട്ടത്തിൽ മാത്രമാണ് പലരും ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നതെന്ന് ആസ്റ്റർ മൻഖൂൾ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. ജോൺ ചെറിയാനും ബുർജീൽ മെഡിക്കൽ സിറ്റിയിലെ ട്രാൻസ്പ്ലാന്റ് വിഭാഗം വിദഗ്ധൻ ഡോ. ഉമർ മഖ്ബൂലും വ്യക്തമാക്കി.
പ്രധാനമായും ടൈപ്പ്-2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം (Hypertension), അമിതവണ്ണം എന്നിവയുള്ളവരിലാണ് വൃക്കരോഗ സാധ്യത കൂടുതൽ. മുൻകാലങ്ങളിൽ പ്രായമായവരിലാണ് ഈ രോഗം കണ്ടിരുന്നതെങ്കിൽ, നിലവിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും ഇത് വ്യാപകമായി കണ്ടുവരുന്നുണ്ട്. മൂത്രത്തിൽ പത വരിക, ശരീരത്തിലോ മുഖത്തോ വീക്കം ഉണ്ടാവുക, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക, തളർച്ച, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗം നേരത്തെ തിരിച്ചറിയാൻ GFR (Glomerular Filtration Rate), അൽബുമിൻ-ക്രിയേറ്റിനിൻ അനുപാതം പരിശോധിക്കുന്ന Urine ACR എന്നീ രണ്ട് ലളിതമായ പരിശോധനകൾ നടത്താമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. സ്വയം ചികിത്സയും പെയിൻ കില്ലറുകളുടെ അമിത ഉപയോഗവും ഒഴിവാക്കി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നത് ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ വരെയുള്ള അവസ്ഥ തടയാൻ സഹായിക്കും.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പഠനവുമായി എം.ബി.സ്.യു.എ.ഐ
അബുദാബി : ശ്വാസകോശ അർബുദം ആദ്യഘട്ടത്തിൽ തന്നെ കൃത്യമായി കണ്ടുപിടിക്കാൻ സഹായിക്കുന്ന ‘റോബോട്ടിക് ബ്രോങ്കോസ്കോപ്പി’ (Robotic Bronchoscopy) സാങ്കേതികവിദ്യ അവതരിപ്പിച്ച് ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബി. മിഡിൽ ഈസ്റ്റ് മേഖലയിൽ ആദ്യമായാണ് ഒരു ആശുപത്രി ഈ അത്യാധുനിക സംവിധാനം നടപ്പിലാക്കുന്നത്. ശ്വാസകോശത്തിലെ വളരെ ചെറിയതും സാധാരണ രീതിയിൽ പരിശോധിക്കാൻ ബുദ്ധിമുട്ടുള്ളതുമായ കോശജ്വലനങ്ങൾ (Nodules) തുറന്ന ശസ്ത്രക്രിയ കൂടാതെ തന്നെ ബയോപ്സി ചെയ്യാൻ ഇതിലൂടെ സാധിക്കും.
‘മോണാർക്ക്’ (MONARCH™) എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. അനസ്തേഷ്യ നൽകി നടത്തുന്ന ഈ പരിശോധനയ്ക്ക് ഏകദേശം 30 മുതൽ 75 മിനിറ്റ് വരെ സമയമാണ് ആവശ്യമുള്ളത്. ശ്വാസകോശ അർബുദം സ്റ്റേജ്-1ൽ തന്നെ കണ്ടെത്തുന്നത് രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത 70 ശതമാനത്തിലധികം വർദ്ധിപ്പിക്കുമെന്നും, ഈ സാങ്കേതികവിദ്യ വരുംദിവസങ്ങളിൽ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. അബുദാബി ആരോഗ്യ വകുപ്പിന്റെ (DoH) പൂർണ്ണ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ദുബായ് : ഹൃദയധമനികളിലെ തടസ്സങ്ങൾ കൂടുതൽ കൃത്യതയോടെ തിരിച്ചറിയാനും ചികിത്സിക്കാനും സഹായിക്കുന്ന അത്യാധുനിക ഹാർട്ട് ഇമേജിംഗ് സിസ്റ്റം ഗൾഫിൽ ആദ്യമായി അവതരിപ്പിച്ച് അസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ. ‘വിവോലൈറ്റ്’ വികസിപ്പിച്ചെടുത്ത ‘Cornaris P80/P80-E ഓപ്റ്റിക്കൽ കൊഹെറൻസ് ടോമോഗ്രഫി’ (OCT) പ്ലാറ്റ്ഫോമാണ് സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി വിജയകരമായി ഉപയോഗിച്ചത്. പരമ്പരാഗത ആൻജിയോഗ്രാഫിയേക്കാൾ വേഗത്തിലും കൃത്യതയിലും ധമനികളുടെ ഉള്ളിലെ തടസ്സങ്ങൾ, കാൽസ്യം അടിയുന്ന അവസ്ഥ, രക്തയോട്ടം എന്നിവ ഇൻഫ്രാറെഡ് വെളിച്ചം ഉപയോഗിച്ച് മൈക്രോസ്കോപ്പിക് തലത്തിൽ പരിശോധിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ ഡോക്ടർമാർക്ക് സാധിക്കും.
ന്യൂസ്വീക്കിന്റെ 2026-ലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയിൽ യുഎഇയിൽ നാലാം സ്ഥാനത്തുള്ള അസ്റ്റർ ഹോസ്പിറ്റലിൽ, നെഞ്ചുവേദനയെ തുടർന്ന് പ്രവേശിക്കപ്പെട്ട 52-കാരനായ ദുബായ് സ്വദേശിയിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യമായി വിജയകരമായി ചികിത്സ പൂർത്തിയാക്കിയത്. ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റ് ഇടൽ തുടങ്ങിയ പ്രക്രിയകളിൽ കൃത്യത ഉറപ്പാക്കാനും പാർശ്വഫലങ്ങൾ കുറയ്ക്കാനും പുതിയ സാങ്കേതികവിദ്യ ഏറെ സഹായിക്കുമെന്ന് അസ്റ്റർ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്സ് യുകെ, ഒമാൻ, ബഹ്റൈൻ സിഇഒ ഡോ. ഷെർബാസ് ബിചു പറഞ്ഞു.
വ്യാജ വണ്ണം കുറയ്ക്കൽ മരുന്ന് വിൽപ്പന: യുഎഇയിൽ 71 കേന്ദ്രങ്ങൾക്കെതിരെ നടപടി
അബുദാബി : വണ്ണം കുറയ്ക്കാനെന്ന വ്യാജേന അംഗീകാരമില്ലാത്ത പെപ്റ്റൈഡ് അടങ്ങിയ മരുന്നുകൾ വിപണം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 71 കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE). കൃത്യമായ ലൈസൻസില്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി മരുന്നുകൾ പരസ്യം ചെയ്യുകയും വിൽക്കാൻ സഹായിക്കുകയും ചെയ്ത 14 പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ EDE നാഷണൽ മീഡിയ ഓഫീസിന് മുന്നിൽ ഹാജരാക്കി. കൂടാതെ നിയമലംഘനം നടത്തിയ 14 സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വൈദ്യശാസ്ത്രപരമായി ഗവേഷണ ഘട്ടത്തിൽ മാത്രമുള്ളതും യുഎഇയിൽ ഉപയോഗാനുമതി ഇല്ലാത്തതുമായ മരുന്നുകളാണ് ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വിറ്റഴിച്ചിരുന്നത്. ഔദ്യോഗിക ലൈസൻസുള്ള ഫാർമസികളിൽ നിന്നല്ലാതെ ഓൺലൈൻ വഴിയോ സോഷ്യൽ മീഡിയ വഴിയോ തരംതിരിക്കാത്ത മരുന്നുകൾ വാങ്ങരുതെന്ന് EDE കർശന മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി രാജ്യത്തുടനീളമുള്ള ഫാർമസികളിലും വിതരണ കേന്ദ്രങ്ങളിലും EDE പ്രത്യേക പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
ആദ്യ പകുതിയിൽ 799 രോഗികൾക്ക് 23.5 മില്യൺ ദിർഹത്തിന്റെ ചികിത്സാ സഹായമെത്തിച്ച് ഷാർജ ചാരിറ്റി
ഷാർജ : സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ബുദ്ധിമുട്ടുന്ന ഗുരുതര രോഗികളായ 799 പേർക്ക് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടയിൽ 23.5 മില്യൺ ദിർഹത്തിലധികം സാമ്പത്തിക സഹായമെത്തിച്ച് ഷാർജ ചാരിറ്റി ഇന്റർനാഷണൽ. ശസ്ത്രക്രിയകൾ, പ്രത്യേക മരുന്നുകൾ, ദീർഘകാല പരിചരണം എന്നിവ ആവശ്യമുള്ള രോഗികൾക്കാണ് ഈ പദ്ധതി ആശ്വാസമായത്.
ചികിത്സാ സഹായം നൽകിയതിൽ പ്രധാന വിഹിതവും വൃക്കരോഗികൾക്കും അർബുദബാധിതർക്കുമാണ് ലഭ്യമാക്കിയത്. ഡയാലിസിസ് ആവശ്യമായ 192 വൃക്കരോഗികൾക്കായി 5.7 മില്യൺ ദിർഹമും 140 അർബുദ രോഗികൾക്കായി 5.5 മില്യൺ ദിർഹമും ചാരിറ്റി വിതരണം ചെയ്തു. ജീവൻരക്ഷാ ചികിത്സ ആവശ്യമായവർക്ക് 3.4 മില്യൺ ദിർഹമും അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി 1.8 മില്യൺ ദിർഹമും മാറ്റിവെച്ചു. കൂടാതെ ഹൃദ്രോഗങ്ങൾ, കാഴ്ച വൈകല്യങ്ങൾ, പ്രസവ-വന്ധ്യതാ ചികിത്സകൾ, മെഡിക്കൽ ബാധ്യതകൾ തീർപ്പാക്കൽ എന്നിവയ്ക്കും ഷാർജ ചാരിറ്റി കൈത്താങ്ങായി. അർഹരായ ആളുകളിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളുമായി ചേർന്നാണ് ചാരിറ്റി പ്രവർത്തിക്കുന്നത്.