അബുദാബി : മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന കഠിനമായ ശരീരവേദനയും ക്ഷീണവും ഉണ്ടായിട്ടും കൃത്യമായ രോഗനിർണ്ണയം സാധ്യമാകാതെ ദുരിതമനുഭവിക്കുന്ന ഫൈബ്രോമയാൾജിയ (Fibromyalgia) രോഗികളുടെ അനുഭവങ്ങൾ പങ്കുവെച്ച് യുഎഇയിലെ ആരോഗ്യവിദഗ്ദ്ധർ. അബുദാബി ഷെയ്ഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിൽ (SSMC) ചികിത്സ തേടിയ മിഷേൽ പോസ്നി, ബദ്‌രിയ അൽ ഷംസി എന്നീ രോഗികളാണ് തങ്ങളുടെ വർഷങ്ങൾ നീണ്ട വേദനയുടെ കഥ വെളിപ്പെടുത്തിയത്. എക്സ്-റേ, സ്കാൻ, രക്തപരിശോധനകൾ എന്നിവയിലെല്ലാം നോർമൽ ആയി കാണിക്കുന്നതിനാൽ പലപ്പോഴും ഈ രോഗികളുടെ വേദന വെറും മാനസികവിഭ്രാന്തിയായി മറ്റുള്ളവർ തെറ്റിദ്ധരിക്കാറാണ് പതിവ്.
നാഡീവ്യൂഹം വേദനയുടെ സിഗ്നലുകളെ അമിതമായി വർദ്ധിപ്പിച്ചു കാണിക്കുന്ന ‘സെൻട്രൽ സെൻസിറ്റൈസേഷൻ’ എന്ന അവസ്ഥയാണിത്. സാധാരണ സ്പർശനം പോലും ഇവർക്ക് കഠിനമായ വേദനയായി അനുഭവപ്പെടാം. തലവേദന, ഉറക്കമില്ലായ്മ, അമിത ക്ഷീണം, ഓർമ്മക്കുറവ് എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഈ രോഗം ശരീരത്തിലെ അവയവങ്ങളെയോ സന്ധികളെയോ നശിപ്പിക്കുന്നില്ലെങ്കിലും രോഗികളുടെ ദൈനംദിന ജീവിതത്തെ ഇത് സാരമായി ബാധിക്കും. രോഗികൾക്കായി പ്രത്യേക ‘ഫൈബ്രോമയാൾജിയ ഫ്ലാഗ്ഷിപ്പ് സർവീസ്’ ആരംഭിക്കാൻ ഒരുങ്ങുകയാണ് ഷെയ്ഖ് ശഖ്ബൂത് മെഡിക്കൽ സിറ്റി. ഫിസിയോതെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, മികച്ച ഉറക്കം എന്നിവയിലൂടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനാകുമെന്നും ഈ രോഗത്തിനായുള്ള പുതിയ മരുന്നായ ‘ടോൺമ്യ’ (Tonmya) യുഎഇയിൽ അംഗീകരിച്ചിട്ടുണ്ടെന്നും ആശുപത്രിയിലെ റൂമറ്റോളജി വിഭാഗം മേധാവി ഡോ. മുംതാസ് ഖാൻ വ്യക്തമാക്കി.