Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:54 AM

ചൂടിൽ നിന്ന് നമ്മുടെ വളർത്തുമൃഗങ്ങളെ എങ്ങനെ രക്ഷിക്കാം? പ്രവാസികൾ അറിയാൻ

by Raneesha Nizar

ദുബൈ : യുഎഇയിൽ വേനൽക്കാലം കടുക്കുന്നതോടെ കടുത്ത ചൂട് മനുഷ്യരെപ്പോലെ തന്നെ വളർത്തുമൃഗങ്ങളെയും (Pets) സാരമായി ബാധിക്കാറുണ്ടെന്ന് മൃഗസംരക്ഷണ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൂടുകാരണം പൂച്ചകളും നായ്ക്കളും ഭക്ഷണത്തോട് വിമുഖത കാണിക്കുന്നതും പകൽ സമയങ്ങളിൽ കൂടുതൽ ഉറങ്ങുന്നതും ഈ കാലാവസ്ഥയിൽ സാധാരണയാണ്. വേനൽക്കാലത്ത് വളർത്തുമൃഗങ്ങളുടെ വ്യായാമം കുറയാറുണ്ടെങ്കിലും അവയുടെ പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും കൃത്യമായ അളവിൽ പോഷകാഹാരം നൽകേണ്ടതുണ്ട്. എന്നാൽ നടത്തം കുറയുന്ന സാഹചര്യത്തിൽ പഴയ അളവിൽ തന്നെ ഭക്ഷണം നൽകുന്നതും, പുറത്തു കൊണ്ടുപോകാത്തതിലുള്ള സങ്കടം തീർക്കാൻ കൂടുതൽ പലഹാരങ്ങൾ (Treats) നൽകുന്നതും മൃഗങ്ങളിൽ അമിതവണ്ണത്തിന് കാരണമാകും. അതിനാൽ ദിവസേന നൽകുന്ന ആഹാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ ട്രീറ്റുകൾ നൽകാതിരിക്കാൻ ഉടമകൾ ശ്രദ്ധിക്കണം.

ശരീരത്തിൽ ജലാംശം നിലനിർത്താൻ ശുദ്ധമായ വെള്ളം എപ്പോഴും ലഭ്യമാക്കുകയാണ് ഏറ്റവും പ്രധാന പോംവഴി. നായ്ക്കളുടെ വെള്ളപ്പാത്രങ്ങൾ ദിവസത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും കഴുകി വൃത്തിയാക്കി പുതിയ വെള്ളം നിറയ്ക്കണം. പൂച്ചകൾ പൊതുവെ പാത്രങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ മടി കാണിക്കുന്നവരായതിനാൽ, അവയ്ക്കായി ‘പെറ്റ് ഫൗണ്ടനുകൾ’ ഉപയോഗിക്കുന്നതും നനവുള്ള ആഹാരങ്ങൾ (Wet food അല്ലെങ്കിൽ Cat soups) നൽകുന്നതും ജലാംശം കൂട്ടാൻ സഹായിക്കും. ചൂടുകാലത്ത് വിശപ്പ് കുറയുന്നത് സ്വാഭാവികമായതിനാൽ വലിയ അളവിൽ ഒന്നിച്ച് നൽകാതെ ചെറിയ അളവിൽ പലതവണയായി ആഹാരം നൽകാം. ധാന്യങ്ങൾ ഒഴിവാക്കിയുള്ള (Grain-free) ആഹാരങ്ങൾ നൽകുന്നത് നല്ലതാണെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും അലർജികൾ ഇല്ലാത്ത മൃഗങ്ങൾക്ക് ധാന്യങ്ങൾ മികച്ച ഊർജ്ജസ്രോതസ്സാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. രോമങ്ങൾ അമിതമായി കൊഴിയുക, ചർമ്മം വരളുക, വിട്ടുമാറാത്ത ചെവിയിലെ അണുബാധകൾ, കടുത്ത ക്ഷീണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം മൃഗഡോക്ടറുടെ സഹായം തേടാൻ ദുബായിലെ സാബീൽ ഫീഡ്, പെറ്റ് കോർണർ എന്നിവയിലെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

You may also like