Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:10 AM

വാട്‌സാപ്പ് സന്ദേശങ്ങൾ തെളിവ്; പണം തിരികെ നൽകാൻ കോടതി ഉത്തരവ്

by Raneesha Razak
അബുദാബി : വാട്‌സാപ്പ് ചാറ്റുകളും ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖകളും തെളിവായി സ്വീകരിച്ച് യുവതിയോട് 2,25,000 ദിർഹം തിരികെ നൽകാൻ അബുദാബി കോടതിയുടെ ഉത്തരവ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സുഹൃത്തായ യുവാവിൽ നിന്നും കടം വാങ്ങിയ തുക തിരികെ നൽകാൻ യുവതി തയ്യാറാകാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. പണം കൃത്യസമയത്ത് തിരികെ നൽകാത്തതുമൂലം യുവാവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും നഷ്ടങ്ങൾക്കും പരിഹാരമായി 10,000 ദിർഹം നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
തന്റെ പക്കൽ നിന്നും രണ്ട് ഗഡുക്കളായി (1,50,000 ദിർഹവും 75,000 ദിർഹവും) യുവതി അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്നും, ഇത് തിരികെ നൽകാമെന്ന് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ യുവതി സമ്മതിച്ചതാണെന്നും കാണിച്ച് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. ബാങ്ക് രേഖകളും സമൂഹമാധ്യമങ്ങളിലെ സംഭാഷണങ്ങളും യുവാവ് തെളിവായി ഹാജരാക്കി. പണം വാങ്ങിയത് യുവതി കോടതിയിൽ നിഷേധിച്ചില്ലെങ്കിലും കടം വീട്ടിയതിന് യാതൊരു തെളിവും ഹാജരാക്കാൻ അവർക്കായില്ല. തുടർന്നാണ് പണവും നഷ്ടപരിഹാരവും ഫീസും സഹിതം നൽകാൻ കോടതി വിധിച്ചത്.

You may also like