Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:28 PM

11 ലക്ഷത്തിലധികം ദിർഹം തിരികെ നൽകാൻ ദുബായ് കോടതി ഉത്തരവ്

by Raneesha Razak
ദുബായ്: കപ്പൽ കമ്പനി ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 187 വെള്ളി ബാറുകൾ തട്ടിയെടുത്ത പ്രതിക്ക് തിരിച്ചടി. തട്ടിയെടുക്കപ്പെട്ട വെള്ളിയുടെ വിലയായ 11,09,000 ദിർഹവും, മാനസിക-സാമ്പത്തിക നഷ്ടപരിഹാരമായി 100,000 ദിർഹവും ഉടമകൾക്ക് തിരികെ നൽകാൻ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് സിവിൽ കോടതി ഉത്തരവിട്ടു. വിദേശത്തേക്ക് വെള്ളി കയറ്റി അയക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ കമ്പനി വിലാസത്തിൽ വെള്ളി ബാറുകൾ കൈക്കലാക്കിയ അറബ് സ്വദേശിയായ പ്രതിക്കെതിരെയാണ് നടപടി.
യഥാർത്ഥത്തിൽ ഒരു ഷിപ്പിംഗ് കമ്പനിയുടെ സാധാരണ ഉപഭോക്താവ് മാത്രമായിരുന്നു പ്രതി. എന്നാൽ താനാണ് കമ്പനിയുടെ ഉടമയെന്ന് വിശ്വസിപ്പിച്ച് ഇയാൾ പല ഘട്ടങ്ങളിലായി പ്ലെയിന്റീഫുകളിൽ നിന്നും ഉയർന്ന ശുദ്ധിയുള്ള 187 വെള്ളി ബാറുകൾ കൈപ്പറ്റുകയായിരുന്നു. പിന്നീട് ഇവ കയറ്റി അയക്കാതെ സ്വന്തം ആവശ്യത്തിനായി സൂക്ഷിക്കുകയായിരുന്നു. കേസിൽ മുൻപ് ക്രിമിനൽ കോടതി പ്രതിക്ക് 6 മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരുന്നു. ഇതിനുപുറമെയാണ് സിവിൽ കോടതിയുടെ പുതിയ ഉത്തരവ്. അതേസമയം, തട്ടിപ്പിൽ പങ്കില്ലെന്നും പ്രതി തങ്ങളുടെ കമ്പനിയിലെ സാധാരണ ഉപഭോക്താവ് മാത്രമാണെന്നും കാണിച്ച് കേസിൽ പ്രതിചേർക്കപ്പെട്ട ഷിപ്പിംഗ് കമ്പനിയുടെ വാദം കോടതി അംഗീകരിച്ചു. കമ്പനിക്കെതിരായ ഹർജി കോടതി തള്ളിക്കളഞ്ഞു.

You may also like