Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:47 PM

സ്കൂൾ ഫീസ് കുടിശ്ശിക: പിതാവിന് 1.97 ലക്ഷം ദിർഹം പിഴ

by Raneesha Razak

അബുദാബി: സ്വകാര്യ സ്കൂളിൽ പഠിക്കുന്ന മക്കളുടെ ട്യൂഷൻ ഫീസ് കുടിശ്ശിക വരുത്തിയ പിതാവിനോട് 1,97,680 ദിർഹം സ്കൂൾ അധികൃതർക്ക് നൽകാൻ അബുദാബി കൊമേഴ്‌സ്യൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. കുടിശ്ശിക തീർപ്പാക്കാൻ നൽകിയ 1,42,800 ദിർഹത്തിന്റെ ചെക്ക് മടങ്ങാൻ ഇടയായ സാഹചര്യത്തിൽ ചെക്ക് ഉടമയായ സ്ത്രീയും പിതാവിനോടൊപ്പം തുക അടയ്ക്കാൻ കൂട്ടായി ബാധ്യസ്ഥരാണെന്ന് കോടതി വിധിച്ചു. കൂടാതെ, സ്കൂളിന് ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി 3,000 ദിർഹവും കോടതിച്ചെലവുകളും നൽകാനും ഉത്തരവിലുണ്ട്.
മക്കളെ സ്കൂളിൽ ചേർത്ത ശേഷം ഫീസ് അടയ്ക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് സിവിൽ കേസ് ഫയൽ ചെയ്തത്. ഫീസ് കുടിശ്ശിക നൽകാനായി നൽകിയ ബാങ്ക് ചെക്ക് പണമാക്കാൻ സാധിക്കാത്ത തരത്തിൽ നൽകിയതാണ് തിരിച്ചടിയായത്. തനിക്ക് തർക്കവുമായി ബന്ധമില്ലെന്ന സ്ത്രീയുടെ വാദം തള്ളിയ കോടതി, അവരുടെ അക്കൗണ്ടിൽ നിന്നാണ് സ്കൂളിന്റെ പേരിൽ ചെക്ക് നൽകിയതെന്നും ഇത് അടച്ചുതീർത്തതായി തെളിവില്ലെന്നും വ്യക്തമാക്കി. ഫീസ് അടച്ചതായി തെളിയിക്കാൻ പിതാവിനും സാധിക്കാത്ത സാഹചര്യത്തിലാണ് സ്കൂളിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്.

You may also like