അബുദാബി: ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് വരവേൽപ്പ് നൽകാൻ അബുദാബി നഗരവും പരിസര പ്രദേശങ്ങളും വർണ്ണാഭമായ ദീപാലങ്കാരങ്ങളാൽ ഒരുങ്ങി. തലസ്ഥാന നഗരിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഈദ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതിനുമായി അബുദാബി ഐലൻഡിലും പ്രധാന നഗരങ്ങളിലുമായി 3,800 അത്യാധുനിക ലൈറ്റ് ഡിസ്പ്ലേകളാണ് അബുദാബി സിറ്റി മുൻസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുന്നത്. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പുമായി (ഡിസിടി അബുദാബി) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഇസ്ലാമിക കലകളിൽ നിന്നും അറബിക് കാലിഗ്രാഫിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ജ്യാമിതീയ രൂപങ്ങളും പെരുന്നാൾ ആശംസകൾ നേരുന്ന വിവിധ ഡിസൈനുകളുമാണ് നഗരവീഥികളിൽ വെളിച്ചം വിതറുന്നത്. അബുദാബിയിലെ നഗരത്തനിമ നിലനിർത്തിക്കൊണ്ട് തന്നെ പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന രീതിയിലാണ് ഈ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അബുദാബി സിറ്റി മുൻസിപ്പാലിറ്റി പ്രൊജക്റ്റ് മോണിറ്ററിംഗ് മാനേജർ ഖാലിദ് അല്ലഖ് അൽ ഹമ്മാദി വ്യക്തമാക്കി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗരത്തിന് ഒരു ഉത്സവപ്രതീതി നൽകുന്നതിനും മുൻസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുനിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ ലൈറ്റ് ഘടനകൾക്ക് 2 മുതൽ 4 മീറ്റർ വരെ ഉയരമുണ്ട്. “ഈദ് മുബാറക്”, “കുല്ലു ആം വ അന്തും ബി ഖൈർ” (എല്ലാ വർഷവും നിങ്ങൾക്ക് നന്മകൾ ഉണ്ടാകട്ടെ) തുടങ്ങിയ ആശംസാവചനങ്ങൾ അറബിക് കാലിഗ്രാഫിയിൽ ഇവയിൽ പ്രകാശിച്ചു നിൽക്കുന്നു. പൂർണ്ണമായും സുരക്ഷാ-പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവയുടെ നിർമ്മാണം. ഊർജ്ജലാഭമുള്ള എൽഇഡി ലൈറ്റുകളും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള പുനരുപയോഗിക്കാവുന്ന (recyclable) സാമഗ്രികളുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പെരുന്നാൾ ദിനങ്ങളിൽ ഇവയുടെ സുഗമമായ പ്രവർത്തനവും ഗുണനിലവാരവും ഉറപ്പാക്കാൻ പ്രത്യേക സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തെ മുൻസിപ്പാലിറ്റി നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.