ദുബായ് : പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്സ് പ്രീ-ഓർഡർ ചെയ്യാൻ സാധിക്കാത്തവർക്കും ഫോൺ സ്വന്തമാക്കാൻ ദുബായിൽ ഇനിയും അവസരങ്ങളുണ്ടെന്ന് റീട്ടെയിലർമാർ. പ്രീ-ഓർഡർ ചെയ്യാത്തവർക്കായി ദുബായ് മാളിലെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ പരിധിയിൽപ്പെട്ട സ്റ്റോക്കുകൾ ഇപ്പോഴും ലഭ്യമാണ്. എന്നാൽ വൻ ഡിമാൻഡ് ഉള്ളതിനാൽ പല കടകളിലും സ്റ്റോക്കുകൾ വേഗത്തിൽ തീർന്നുകൊണ്ടിരിക്കുകയാണ്. പുതിയ പ്രോ മോഡലുകൾക്ക് പുറമെ ആപ്പിളിന്റെ പുതിയ ഫോൾഡബിൾ ഫോണായ ‘ഐഫോൺ ഡ്യുവോ’ (iPhone Duo) മോഡലിനും വിപണിയിൽ വലിയ ജനപ്രീതിയാണുള്ളത്.
ആപ്പിൾ സ്റ്റോറുകളിൽ നേരിട്ടെത്തുന്ന വാക്ക്-ഇൻ (Walk-in) ഉപഭോക്താക്കൾക്ക് ഫോൺ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. മുൻകൂട്ടി ഓർഡർ ചെയ്തവർക്കാണ് ആപ്പിൾ സ്റ്റോറുകൾ മുൻഗണന നൽകുന്നത്. അതേസമയം, അടുത്ത ഔദ്യോഗിക സ്റ്റോക്കിനായി കാത്തിരിക്കാൻ താല്പര്യമില്ലാത്തവർക്കായി ദുബായിലെ റീസെയിൽ (Resale) വിപണിയിലും ഫോണുകൾ ലഭ്യമാണ്. എന്നാൽ മോഡലുകൾക്ക് അനുസരിച്ച് ഔദ്യോഗിക വിലയേക്കാൾ 1,000 മുതൽ 3,000 ദിർഹം വരെ അധികം നൽകേണ്ടി വരുമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
Raneesha Razak
ദുബായ് : കവർച്ച ചെയ്യപ്പെട്ട 190,000 ദിർഹം കേവലം നാല് മിനിറ്റിനുള്ളിൽ കണ്ടെടുത്ത് പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. നൈഫ് പോലീസ് സ്റ്റേഷനിലെ ഇലക്ട്രിക് സ്കൂട്ടർ പട്രോളിംഗ് (E-Scooter Patrol) ടീമിന്റെ ദ്രുതഗതയിലുള്ള പട്രോളിംഗും ഇടപെടലുമാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കാൻ സഹായിച്ചത്. നൈഫ് മേഖലയിൽ നടന്ന മോഷണത്തെക്കുറിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വിവരം ലഭിച്ച ഉടൻ തന്നെ സമീപത്തുള്ള പട്രോളിംഗ് ടീമുകൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.
വിവരം ലഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ ഇ-സ്കൂട്ടർ പട്രോളിംഗ് സംഘം സംഭവസ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ അടുത്ത രണ്ട് മിനിറ്റിനുള്ളിൽ മൂന്ന് പ്രതികളെയും പിടികൂടുകയുമായിരുന്നു. കവർച്ച ചെയ്ത മുഴുവൻ തുകയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. ജനത്തിരക്കേറിയ മാർക്കറ്റുകളിലും ഇടുങ്ങിയ വഴികളിലും വലിയ പോലീസ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലും ഇ-സ്കൂട്ടർ പട്രോളിംഗ് വളരെ ഫലപ്രദമാണെന്ന് നൈഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ ആശൂർ വ്യക്തമാക്കി.
എമിറാത്തി പാരമ്പര്യത്തിന്റെ പ്രതീകമായ ‘അൽ ഖുസാം’: ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്
ദുബായ് : എമിറാത്തി സംസ്കാരത്തിന്റെയും മരുഭൂമിയിലെ പരമ്പരാഗത ജീവിതരീതികളുടെയും പ്രതീകമായ ‘അൽ ഖുസാമിന്റെ’ (Al Khuzam) ചരിത്രവഴികളും പരിണാമവും വ്യക്തമാക്കുന്ന ഗവേഷണ പദ്ധതി വിലയിരുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. തലമുറകളിലൂടെ അൽ ഖുസാം ഒരു നിത്യോപയോഗ വസ്തുവിൽ നിന്നും എങ്ങനെ ഒരു സാമൂഹിക-സാംസ്കാരിക പ്രതീകമായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് ഈ പദ്ധതി.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. പരമ്പരാഗത കരകൗശല വിദ്യകളെ സംരക്ഷിക്കുന്നതോടൊപ്പം ഇവയെ ആധുനിക ഡിസൈനുകളിലേക്കും ഉൽപ്പന്നങ്ങളിലേക്കും സമന്വയിപ്പിച്ച് പുതിയ സംരംഭകർക്ക് അവസരമൊരുക്കുകയാണ് ‘ദി ഡെവലപ്മെന്റ് ഓഫീസ്’ മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒരു പുസ്തകവും വർഷങ്ങളുടെ ഓർമ്മകളും: ഷെയ്ഖ് മുഹമ്മദിന് അൻവർ ഗർഗാഷിന്റെ ആദരം
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ‘ദി ലെറ്റേഴ്സ്’ (The Letters) എന്ന പുതിയ പുസ്തകം സമ്മാനമായി ലഭിച്ചതിൽ സന്തോഷവും ആദരവും പങ്കുവെച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. വർഷങ്ങളോളം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വ്യക്തിപരമായി വലിയ ഭാഗ്യമാണെന്നും പുസ്തകം കൈപ്പറ്റിയതിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ (X) കുറിച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
വായിക്കാൻ ഏറേ ഇഷ്ടപ്പെടുന്ന വ്യക്തിയെന്ന നിലയിൽ ഈ പുസ്തകം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും എന്നാൽ ഇതിന്റെ രചയിതാവാണ് ഈ സമ്മാനത്തിന് കൂടുതൽ മൂല്യം നൽകുന്നതെന്നും ഗർഗാഷ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് ഒരു മഹാനായ നേതാവും അധ്യാപകനുമാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം, ശുഭാപ്തിവിശ്വാസം, കർമ്മശേഷി എന്നിവയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിലൂടെ ലഭിച്ച അനുഭവങ്ങൾ എന്നും വിലമതിക്കുന്ന ഓർമ്മകളായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി : ഗുവൈഫാത്ത് ബോർഡർ ക്രോസിംഗിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബസ് കേടായി വഴിയാധാരമായ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിച്ചുനൽകിയ അബുദാബി പോലീസ് ഉദ്യോഗസ്ഥന് ആദരം. ഫസ്റ്റ് പോലീസ്മാൻ അലി അബ്ദുൽഹാദി അൽ ഹാജരിയെയാണ് അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൻ അൽ മുഹൈരി നേരിട്ട് ആദരിച്ചത്. സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ മസ്കരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
യാത്രയ്ക്കിടെ വാഹനം കേടായതിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളുടെ ക്ഷേമമന്വേഷിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും സമയബന്ധിതമായി എത്തിച്ചു നൽകുകയും ചെയ്തതിനാണ് ആദരം. പോലീസിന്റെ ചുമതലകൾക്കപ്പുറം സഹജീവികളോട് മാനുഷിക പരിഗണന കാണിക്കുകയും സഹായിക്കുകയും ചെയ്യുന്നത് യുഎഇ സമൂഹത്തിന്റെ മൂല്യങ്ങളെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് മേജർ ജനറൽ അൽ മുഹൈരി അഭിപ്രായപ്പെട്ടു. പൊതുജനങ്ങളെ സഹായിക്കുക എന്നത് ദേശീയവും മാനുഷികവുമായ കടമയാണെന്ന് അൽ ഹാജരി പ്രതികരിച്ചു.
അബുദാബി : ആഗോള ജല-ഊർജ്ജ നയരൂപീകരണത്തിൽ തങ്ങളുടെ പ്രമുഖ സ്ഥാനം ഉറപ്പിച്ചുകൊണ്ട്, പ്രഥമ ‘അബുദാബി വാട്ടർ ആൻഡ് എനർജി വീക്ക് 2026’ (Abu Dhabi Water and Energy Week 2026) പരിപാടിയുടെ വിവരങ്ങളും കർമ്മപദ്ധതിയും അബുദാബി ഊർജ്ജ വകുപ്പ് (DoE) പുറത്തുവിട്ടു. 2026 ഡിസംബർ 8 മുതൽ 10 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് (ADNEC) ഈ ആഗോള സമ്മേളനം നടക്കുന്നത്. സെനഗലുമായി സഹകരിച്ച് യുഎഇ ആതിഥേയത്വം വഹിക്കുന്ന 2026 ലെ ഐക്യരാഷ്ട്രസഭയുടെ ജല സമ്മേളനത്തോട് (UN Water Conference) അനുബന്ധിച്ചാണ് ഈ പരിപാടിയും സംഘടിപ്പിക്കുന്നത്.
അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ജലസുരക്ഷ ഉറപ്പാക്കുന്നതിനും ഊർജ്ജ സ്രോതസ്സുകളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പദ്ധതിക്ക് തുടക്കമിടുന്നത്. ലെജിസ്ലേഷൻ ആൻഡ് പോളിസി സമ്മിറ്റ്, ഫിനാൻസിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സമ്മിറ്റ് എന്നീ മൂന്ന് പ്രധാന സമ്മേളനങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, നിക്ഷേപകർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരെ പങ്കാളികളാക്കിക്കൊണ്ട് സുസ്ഥിര ജല പരിപാലനത്തിനുള്ള പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഈ ആഗോള ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
അബുദാബി : അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി (IIFA) അവാർഡിന്റെ 27-ാമത് പതിപ്പ് 2027 ജനുവരി 22, 23 തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിലുള്ള ഐത്തിഹാദ് അരീനയിൽ (Etihad Arena) വെച്ച് നടക്കും. തുടർച്ചയായ നാലാം തവണയാണ് സിനിമാ ലോകത്തെ പ്രമുഖർ അണിനിരക്കുന്ന ഐഫ അവാർഡ് ദാന ചടങ്ങിന് അബുദാബി വേദിയാകുന്നത്. പരിപാടിക്കായുള്ള ടിക്കറ്റുകളുടെ ആഗോള വിൽപന ആരംഭിച്ചു കഴിഞ്ഞു.
കരണ് ജോഹർ, സൽമാൻ ഖാൻ, വരുൺ ധവാൻ തുടങ്ങിയ ബോളിവുഡ് താരനിരയും പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്ന രണ്ട് ദിവസത്തെ വർണ്ണാഭമായ കലാപരിപാടികളും തത്സമയ സ്റ്റേജ് പെർഫോമൻസുകളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും. ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്കായി ഡിജിറ്റൽ എന്റർടൈൻമെന്റ് രംഗത്തെ പ്രമുഖരും ചടങ്ങിൽ അണിനിരക്കും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
ദുബായ് : വേനൽക്കാല അവധിക്ക് ശേഷം യുഎഇയിലെ പ്രമുഖ വിനോദകേന്ദ്രമായ ‘ദുബായ് പാർക്സ് ആന്റ് റിസോർട്ട്സ്’ (Dubai Parks and Resorts) ഒക്ടോബർ 7 മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. മോഷൻഗേറ്റ് ദുബായ് (MOTIONGATE Dubai), റയൽ മാഡ്രിഡ് വേൾഡ് (Real Madrid World), ലെഗോലാന്റ് ദുബായ് റിസോർട്ട് (LEGOLAND Dubai Resort), ദി വേൾഡ് ഓഫ് റിവർലാന്റ് (The World of Riverland) തുടങ്ങിയ ജനപ്രിയ തീം പാർക്കുകൾ ഉൾപ്പെടുന്ന വിനോദസമുച്ചയമാണ് പുതിയ സീസണായി തുറന്നുകൊടുക്കുന്നത്.
ഒക്ടോബർ മാസത്തിലെ സ്കൂൾ മിഡ്-ടേം അവധികൾ (Mid-term break) അടുത്തെത്തിനിൽക്കെ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി പുതിയ റൈഡുകളും വിനോദപരിപാടികളും കായിക മത്സരങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. വിവിധ തരം റോളർ കോസ്റ്ററുകൾ, മൂവി അധിഷ്ഠിത തീം പാർക്കുകൾ, സ്പോർട്സ് ആക്റ്റിവിറ്റികൾ എന്നിവ ഉൾപ്പെടുന്ന ഈ വലിയ എന്റർടൈൻമെന്റ് ഡെസ്റ്റിനേഷൻ യുഎഇയിലെയും വിദേശത്തെയും വിനോദസഞ്ചാരികളെ ആകർഷിക്കാൻ സജ്ജമായിക്കഴിഞ്ഞു.
ദുബായ് : ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ വിൽപ്പന ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിൽ ആരംഭിച്ചതോടെ ഫോൺ വാങ്ങാനായി ഇന്ത്യയിൽ നിന്നും ആളുകൾ ദുബായിലെത്തുന്നു. ഇന്ത്യയിലെ ഉയർന്ന നികുതി കാരണം ദുബായിൽ നിന്ന് ഫോൺ വാങ്ങുന്നതാണ് വിമാന ടിക്കറ്റ് നിരക്കും വിസ ചാർജും കൂട്ടിയാലും കൂടുതൽ ലാഭകരമെന്ന് ഉപഭോക്താക്കൾ പറയുന്നു. ദുബായ് മാളിൽ പ്രീ-ഓർഡർ ചെയ്ത ഫോണുകൾ വാങ്ങാൻ എത്തിയവരിൽ യുഎഇ നിവാസികൾക്ക് പുറമെ നിരവധിയാളുകൾ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു.
മുംബൈയിൽ നിന്നുള്ള അമൻ സൊളാങ്കി എന്ന ഉപഭോക്താവിന്റെ വാക്കുകൾ അനുസരിച്ച്, ഇന്ത്യയേക്കാൾ 50,000 മുതൽ 60,000 രൂപ വരെ വിലക്കുറവിലാണ് ദുബായിൽ ഐഫോൺ പ്രോ മാക്സ് ലഭിക്കുന്നത്. കുടുംബത്തിനായി മൂന്ന് ഫോണുകൾ വാങ്ങുമ്പോൾ വലിയൊരു തുക ലാഭിക്കാൻ സാധിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള മുഹമ്മദ് സയ്യിദ് എന്ന ഉപഭോക്താവും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയും നികുതിയുമാണ് ഉപഭോക്താക്കളെ ദുബായിലേക്ക് ആകർഷിക്കുന്നത്.
അബുദാബി : യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ (Saadiyat Island) നിർമ്മിച്ച പ്രശസ്തമായ ‘ഗുഗ്ഗൻഹീം അബുദാബി’ (Guggenheim Abu Dhabi) മ്യൂസിയം ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ഇതി മുന്നോടിയായി മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സാാരണക്കാർക്കുള്ള പ്രവേശന ടിക്കറ്റിന് 70 ദിർഹമാണ് നിരക്ക്. അതേസമയം, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, യുഎഇയിലെ വിദ്യാർത്ഥികൾ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
പ്രശസ്ത ആർക്കിടെക്റ്റ് ഫ്രാങ്ക് ഗെഹ്റി (Frank Gehry) രൂപകല്പന ചെയ്ത ഈ മ്യൂസിയത്തിൽ 28 ഗാലറികളും 10 വലിയ ശില്പ കോണുകളും (Sculptural Cones) ഉൾപ്പെടുന്നു. 1960 മുതൽ ഇങ്ങോട്ടുള്ള ആധുനികവും സമകാലികവുമായ കലാസൃഷ്ടികളാണ് 11,600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. പെയിന്റിംഗുകൾ, ശില്പങ്ങൾ, ഫോട്ടോഗ്രാഫികൾ, ഡിജിറ്റൽ മീഡിയ വിഭാഗങ്ങളിലെ അമൂല്യ കലാസൃഷ്ടികൾ എന്നിവയടങ്ങുന്ന ഈ മ്യൂസിയം അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പും സോളമൻ ആർ. ഗുഗ്ഗൻഹീം ഫൗണ്ടേഷനും സംയുക്തമായാണ് വികസിപ്പിച്ചിരിക്കുന്നത്.