ദുബായ് : ഇന്ന് കാണുന്ന ആധുനിക വ്യവസായ കേന്ദ്രങ്ങൾക്കും ഫ്രീ സോണുകൾക്കും എണ്ണസമ്പത്തിനും മുൻപേ യുഎഇയുടെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ പാകിയത് ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരായിരുന്നു. മുത്തും പവിഴവും തേടി കടലിന്റെ ആഴങ്ങളിലേക്ക് പോയവരും, ഈന്തപ്പനയോലകൾ കൊണ്ട് അത്ഭുതങ്ങൾ തീർത്തവരും, കരുത്തുറ്റ പായ്ക്കപ്പലുകൾ നിർമ്മിച്ചവരുമായിരുന്നു രാജ്യത്തെ ആദ്യത്തെ ‘വ്യവസായികൾ’. വലിയ മൂലധനമോ ആധുനിക സാങ്കേതിക വിദ്യയോ ഇല്ലാതിരുന്നിട്ടും, അറേബ്യൻ കടലിടുക്കിനെ ഒരു വൻ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാൻ അവർക്ക് സാധിച്ചു.
അറേബ്യൻ ഉൾക്കടൽ അവർക്കൊരു ജലാശയം മാത്രമായിരുന്നില്ല, മറിച്ച് ഒരു ഉൽപ്പാദന ശൃംഖല കൂടിയായിരുന്നു. തലമുറകളായി കൈമാറിവന്ന അറിവുകൾ വെച്ച്, ഒരു പ്ലാനിന്റെയും സഹായമില്ലാതെ അവർ നിർമ്മിച്ചെടുത്ത കപ്പലുകൾ ഗൾഫിലെ കാറ്റിനെയും ഒഴുക്കിനെയും വെല്ലാൻ പ്രാപ്തിയുള്ളവയായിരുന്നു. മുത്തുശേഖരണത്തിന് പോയിരുന്നവർക്കിടയിൽ കൃത്യമായ ജോലി വിഭജനവും, സീസണുകളും, വാണിജ്യ കരാറുകളുമുണ്ടായിരുന്നു. ഇന്നത്തെ ആധുനിക സപ്ലൈ ചെയിൻ സംവിധാനങ്ങളെപ്പോലും വെല്ലുന്ന കൃത്യതയോടെയാണ് അക്കാലത്ത് ഈ കടൽ വിഭവ വ്യാപാരം നടന്നിരുന്നത്.
മുത്തുശേഖരണം മാത്രമല്ല, ഈന്തപ്പനയോലകൾ കൊണ്ടുള്ള നെയ്ത്തും തടി കൊണ്ടുള്ള കപ്പൽ നിർമ്മാണവും ഒത്തുചേർന്ന ഒരു വലിയ വ്യവസായ ആവാസവ്യവസ്ഥ തന്നെ അന്ന് നിലനിന്നിരുന്നു. ‘വ്യവസായം’ എന്ന വാക്ക് പ്രചാരത്തിലില്ലാതിരുന്ന കാലത്ത്, തങ്ങളുടെ കഠിനാധ്വാനവും പാരമ്പര്യ അറിവുകളും കൊണ്ട് യുഎഇയുടെ സാമ്പത്തിക ചരിത്രമെഴുതിയ ആ മുൻഗാമികളാണ് ഇന്നത്തെ രാജ്യത്തിന്റെ വളർച്ചയ്ക്ക് യഥാർത്ഥത്തിൽ വിത്തുപാകിയത്.
യുഎഇയിൽ ഒരു നിർമ്മാണ മേഖല രൂപപ്പെടുന്നതിനും എത്രയോ മുൻപ് തന്നെ എമിറാത്തി വനിതകൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയിരുന്നു. ലളിതമായ തറികളും പ്രാദേശികമായി ലഭ്യമായ അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് അവർ നിർമ്മിച്ച വസ്ത്രങ്ങൾക്കും തുണിത്തരങ്ങൾക്കും അതിർത്തികൾക്കപ്പുറം വലിയ വിപണിയുണ്ടായിരുന്നു. കേവലം അലങ്കാരത്തിനപ്പുറം, വലിയൊരു വ്യാപാര ശൃംഖലയുടെ ഭാഗമായിരുന്നു ഈ നിർമ്മാണം. ഒരു ട്രേഡ് ലൈസൻസിന്റെയും സഹായമില്ലാതെ വീടുകളിലിരുന്ന് അവർ നടത്തിയിരുന്ന ഈ ഉൽപ്പാദന-കയറ്റുമതി പ്രവർത്തനങ്ങൾ ഇന്നത്തെ വലിയ വ്യവസായങ്ങൾക്ക് തുല്യമായിരുന്നു.
ഇന്ന് ലോകം ചർച്ച ചെയ്യുന്ന സുസ്ഥിര വികസനവും പ്രകൃതി സൗഹൃദ ജീവിതശൈലിയും വർഷങ്ങൾക്ക് മുൻപേ എമിറാത്തികൾ ശീലമാക്കിയിരുന്നു. ഈന്തപ്പനയോലകൾ വീട് നിർമ്മാണത്തിനും കുട്ടകൾ നെയ്യുന്നതിനും ഉപയോഗിച്ചപ്പോൾ, മൃഗത്തോലുകൾ വസ്ത്രങ്ങളായും ഉപകരണങ്ങളായും മാറി. ഒരു വസ്തുവും വെറുതെ കളഞ്ഞിരുന്നില്ല. ഓരോ വിഭവത്തിന്റെയും എല്ലാ ഭാഗവും കൃത്യമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഒന്നും പാഴാക്കരുത് എന്ന ഈ തത്വം ഇന്നത്തെ യുഎഇയുടെ ഗ്രീൻ ഇൻഡസ്ട്രിയൽ അജണ്ടയുടെ പ്രധാന ഭാഗമാണ്. അന്ന് ദൗർലഭ്യം മൂലം ശീലിച്ച ആ രീതി ഇന്ന് രാജ്യത്തിന്റെ നയമായി മാറിയിരിക്കുന്നു.
ലഭ്യമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കാലാവസ്ഥയ്ക്ക് അനുയോജ്യമായ വീടുകൾ നിർമ്മിക്കുന്നതിൽ അന്നത്തെ കരകൗശല വിദഗ്ധർ അസാമാന്യ കഴിവ് പുലർത്തിയിരുന്നു. ശാസ്ത്രീയമായ പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ ഈടുനിൽക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കാൻ അവർക്ക് കഴിഞ്ഞു. തലമുറകളായി കൈമാറിക്കിട്ടിയ അറിവുകളായിരുന്നു അവരുടെ കരുത്ത്. സ്വന്തമായി പായ്ക്കപ്പൽ നിർമ്മിച്ച മത്സ്യത്തൊഴിലാളിയിൽ നിന്നും, നൂലിനെ കച്ചവടമാക്കി മാറ്റിയ വീട്ടമ്മയിൽ നിന്നും, ഈന്തപ്പനയെ ഒരു സമ്പദ്വ്യവസ്ഥയായി കണ്ട കരകൗശല വിദഗ്ധനിൽ നിന്നുമാണ് യുഎഇയുടെ വ്യവസായ വിപ്ലവം ആരംഭിച്ചത്.
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ മേളയിലെ ആർട്ടിസാൻ പവലിയനിൽ ഈ പൈതൃക കലകൾ പുനരാവിഷ്കരിക്കപ്പെട്ടു. യുഎഇയുടെ വ്യവസായ ചരിത്രത്തിലെ ഈ കരുത്തുറ്റ അടിത്തറ ഇന്നും രാജ്യം കാത്തുസൂക്ഷിക്കുന്നു.