Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 05:18 PM

റോബോട്ട് ഗൈഡുകളും അത്യാധുനിക സൗകര്യങ്ങളും; ഇത്തിഹാദ് റെയിലിന്റെ ഫുജൈറ സ്റ്റേഷൻ സന്ദർശകർക്കായി തുറന്നു

by Raneesha Razak

ഫുജൈറ : യുഎഇയുടെ യാത്രാ ട്രെയിൻ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലായി ഫുജൈറയിലെ ആദ്യത്തെ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ പുറംലോകത്തിന് പരിചയപ്പെടുത്തി. അത്യാധുനിക സൗകര്യങ്ങളും ഭാവികാലത്തെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയുമാണ് സ്റ്റേഷന്റെ പ്രധാന ആകർഷണം. ക്രീം, ഗ്രേ നിറങ്ങളിലുള്ള ഇന്റീരിയറും വലിയ ഗ്ലാസ് ഭിത്തികളും എൽഇഡി ലൈറ്റുകളും സ്റ്റേഷനുള്ളിൽ ധാരാളം സ്വാഭാവിക വെളിച്ചവും ആധുനികതയും ഉറപ്പാക്കുന്നു.

ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സ്റ്റേഷൻ സന്ദർശിച്ചു. തുടർന്ന് ഫുജൈറയിൽ നിന്ന് ബത്‌നയിലേക്ക് ട്രെയിൻ യാത്ര നടത്തിയ അവർ സ്റ്റേഷനിലെ പ്രവർത്തനങ്ങളും യാത്രാ സേവനങ്ങളുടെ പുരോഗതിയും വിലയിരുത്തി.

സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനും വിവരങ്ങൾ നൽകാനുമായി ടച്ച്‌സ്‌ക്രീൻ സൗകര്യമുള്ള അത്യാധുനിക റോബോട്ടുകളെ സജ്ജമാക്കിയിട്ടുണ്ട്. ടിക്കറ്റുകൾ വാങ്ങുന്നതിനായി മെഷീനുകളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് അച്ചടിച്ച ടിക്കറ്റോ ഇലക്ട്രോണിക് ടിക്കറ്റോ ഉപയോഗിക്കാം. ടിക്കറ്റിലെ ക്യുആർ (QR) കോഡ് സ്കാൻ ചെയ്താണ് യാത്രക്കാർ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കേണ്ടത്. യാത്രാ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ ടിക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

You may also like