25
ദുബായ് : 2023 മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലയളവിൽ കുറ്റകൃത്യ നടന്ന സ്ഥലങ്ങളിൽ നിന്ന് ഏകദേശം 2.7 ലക്ഷത്തോളം ഭൗതിക, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ദുബായ് പോലീസ്. പ്രതികളെ തിരിച്ചറിയുന്നതിനും എമിറേറ്റിലെ ക്രിമിനൽ കേസുകൾ വിജയകരമായി തെളിയിക്കുന്നതിനും ഈ ശാസ്ത്രീയ തെളിവുകൾ നിർണായക പങ്കുവഹിച്ചു. ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ക്രൈം സീൻ ഡിപ്പാർട്ട്‌മെന്റാണ് 2,69,707 തെളിവുകൾ വിജയകരമായി ശേഖരിച്ചത്. വാർഷിക വിലയിരുത്തൽ റിപ്പോർട്ടുകൾ പ്രകാരം വകുപ്പിന്റെ പ്രവർത്തനക്ഷമതയിൽ 17 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ ശേഷി മെച്ചപ്പെടുത്തിയ വകുപ്പ്, ദെയ്റ, ബർ ദുബായ് മേഖലകളിലെ ക്രൈം സീൻ പ്രതികരണ സമയം കഴിഞ്ഞ നാല് വർഷത്തിനിടയിൽ 18 മിനിറ്റിൽ നിന്ന് 16 മിനിറ്റായി കുറയ്ക്കുകയും ചെയ്തു.
വിപുലമായ ഫോറൻസിക് സയൻസസ്, വിദഗ്ധ പരിശീലനം, അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നിവയിലുള്ള ദുബായ് പോലീസിന്റെ തുടർച്ചയായ നിക്ഷേപമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് ക്രൈം സീൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ എക്സ്പെർട്ട് ഡോ. അബ്ദുല്ല അൽ ഷെമ്മാരി വ്യക്തമാക്കി. കുറ്റാന്വേഷണ തെളിവുകൾ കണ്ടെത്തുന്നതിനുള്ള പ്രധാന തുടക്കം ക്രൈം സീൻ ആണെന്നും, തെളിവുകൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.