ദുബായ് : കവറുകൾ നിറഞ്ഞ ചിക്കൻ ബോക്‌സുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വെയർഹൗസിൽ നിന്ന് മോഷ്ടിച്ച കേസിൽ മൂന്ന് ജീവനക്കാർ കമ്പനിക്ക് 356,097 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് ഇവരുടെ മോഷണം തെളിഞ്ഞത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് ആറ് മാസം തടവും നാടുകടത്തലും നേരത്തെ ക്രിമിനൽ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്.
സ്റ്റോക്ക് എടുത്തപ്പോൾ ആദ്യഘട്ടത്തിൽ 1.40 ലക്ഷം ദിർഹമിന്റെ സാധനങ്ങളുടെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷണം വ്യക്തമായത്. ഒരു ജീവനക്കാരൻ രേഖകളില്ലാതെ വാഹനം നിറയെ ചിക്കൻ ബോക്‌സുകൾ കയറ്റുന്നതും മറ്റ് രണ്ട് പേർ ചേർന്ന് ഇത് കടത്തിക്കൊണ്ടുപോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് 3.06 ലക്ഷം ദിർഹമിന്റെ സാധനങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായി. ക്രിമിനൽ കോടതിയുടെ ശിക്ഷയ്ക്ക് പുറമെ, കമ്പനിക്കുണ്ടായ സാമ്പത്തിക നഷ്ടവും 50,000 ദിർഹം അധിക നഷ്ടപരിഹാരവും 5 ശതമാനം പലിശയും ഉൾപ്പെടെ തുക പൂർണ്ണമായും പ്രതികൾ സംയുക്തമായി തിരിച്ചടയ്ക്കണമെന്ന് സിവിൽ കോടതി വിധിച്ചു.
8
previous post