15
അബുദാബി : ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സ്റ്റേഷൻ നെറ്റ്‌വർക്കിൽ സ്മാർട്ട് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി ക്യു മൊബിലിറ്റിയുമായും (Q Mobility) പാർക്കിനുമായും (Parkin) തന്ത്രപരമായ പങ്കാളിത്ത കരാർ ഒപ്പുവെച്ചു.
അബുദാബി, ദുബായ്, അൽ ദെയ്ദ്, ഫുജൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അബുദാബി, അൽ ദെയ്ദ്, ഫുജൈറ സ്റ്റേഷനുകളിലെ പാർക്കിംഗ് സംവിധാനങ്ങൾ ക്യു മൊബിലിറ്റിയും, ദുബായ് സ്റ്റേഷനിലെ പാർക്കിംഗ് പാർക്കിനും നിയന്ത്രിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഉപയോഗിച്ച് പാർക്കിംഗ് ശേഷി വർദ്ധിപ്പിക്കാനും, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും, ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ വാഹനങ്ങളിൽ നിന്ന് റെയിൽ സേവനങ്ങളിലേക്ക് മാറാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. യാത്രികർക്കായി ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകളും ലഭ്യമാക്കും.
യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാനും മൊബിലിറ്റി ഓപ്ഷനുകൾ വ്യാപിപ്പിക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അസ്സ അൽസുവൈദി വ്യക്തമാക്കി. യുഎഇയിലുടനീളം റെയിൽ സേവനങ്ങൾ വിപുലീകരിക്കുമ്പോൾ റോഡ്-റെയിൽ യാത്രകൾ കൂടുതൽ സുഗമമാക്കാൻ ഈ പദ്ധതി സഹായകരമാകും.