Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 02:21 AM

സുഡാനി സ്കൂൾ ഫീസിൽ കടുത്ത നടപടിയുമായി ഷാർജ ഭരണാധികാരി

വാങ്ങിയ ഫീസ് മുഴുവൻ തിരിച്ചുനൽകണം

by Raneesha Razak
ഷാർജ : ഷാർജയിലെ ‘സുഡാൻ പ്രൈവറ്റ് സ്കൂളിൽ’ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ മുഴുവൻ ട്യൂഷൻ ഫീസും മാതാപിതാക്കൾക്ക് ഉടനടി തിരികെ നൽകാൻ ഉത്തരവിട്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിക്കാണ് (SPEA) അദ്ദേഹം ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയത്. ഭാവിയിൽ സുഡാനി വിദ്യാർത്ഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജ റേഡിയോയിലെ ‘ഡയറക്ട് ലൈൻ’ പരിപാടിയിൽ വിളിച്ച് സംസാരിക്കവെയാണ് ശൈഖ് സുൽത്താൻ ഇക്കാര്യം പ്രഖ്യാപിച്ചത്. സുഡാനി സമൂഹത്തിൽ മറ്റ് സ്കൂളുകളിൽ പഠനച്ചെലവ് താങ്ങാൻ സാധിക്കാത്ത കുടുംബങ്ങളിലെ കുട്ടികൾക്കായി താൻ നേരിട്ട് മുൻകൈയെടുത്ത് സ്ഥാപിച്ച സൗജന്യ വിദ്യാലയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിനായി തുക ഈടാക്കിയത് സംബന്ധിച്ച് ഒരു സുഡാനി രക്ഷിതാവ് ഉന്നയിച്ച പരാതിക്ക് മറുപടിയായാണ് ഉത്തരവ്. ‘നാമമാത്രമായ ഫീസ്’ എന്ന പേരിൽ അതോറിറ്റി തുക ഈടാക്കിയത് ശരിയായില്ലെന്നും, ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളിൽ നിന്ന് വാങ്ങിയ പണം മുഴുവൻ ഉടൻ തിരികെ നൽകണമെന്നും ഷാർജ ഭരണാധികാരി നിർദ്ദേശിച്ചു.

You may also like