12
ദുബായ് : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നതിനിടെ യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചു. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകളിൽ വലിയ മാറ്റങ്ങളും റദ്ദാക്കലുകളും പ്രഖ്യാപിച്ചു. പ്രധാന റൂട്ടുകളിലെ സർവീസുകൾ തുടരുന്നുണ്ടെങ്കിലും, തടസ്സങ്ങൾ നേരിടുന്നതിനാൽ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് വിമാനക്കമ്പനികളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 1-ന് ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ സ്ഥിതിഗതികൾ വഷളായത്. ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ പല രാജ്യങ്ങളും വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് യുഎഇയിൽ നിന്നുള്ള സർവീസുകളെയും സമയക്രമത്തെയും സാരമായി ബാധിച്ചത്.