Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 07:55 AM

കത്തുന്ന വേനലിലും കുളിരേകാൻ ദുബായിൽ ‘ഫ്ലേം ട്രീ’ സീസൺ

by Raneesha Nizar

കടുത്ത വേനലിന്റെ ചൂടിലേക്ക് ദുബായ് നഗരം പതുക്കെ മാറുകയാണ്. പക്ഷേ, കത്തുന്ന സൂര്യന് കീഴിലും ദുബായിലെ തെരുവുകളിലൂടെ ഇപ്പോൾ യാത്ര ചെയ്താൽ മനസ്സ് നിറയുന്ന ഒരു കാഴ്ച കാണാം—വഴിയോരങ്ങളിലെല്ലാം ചോരച്ചുവപ്പും ഓറഞ്ചും നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ‘ഫ്ലേം ട്രീ’കൾ (Flame Trees)!

നമ്മുടെ നാട്ടിലെ ‘വാകമരങ്ങളെ’ (ഗുൽമോഹർ) ഓർമ്മിപ്പിക്കുന്ന ഈ മരങ്ങൾ ദുബായിലെ പ്രവാസികൾക്ക് ഇപ്പോൾ ഒരു നൊസ്റ്റാൾജിക് കാഴ്ചയാണ്. മെയ് മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിലാണ് ദുബായ് നഗരം ഈ ഫ്ലേം ട്രീ വസന്തത്തെ നെഞ്ചിലേറ്റുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നഗരത്തിന്റെ ഹരിതാഭയും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനായി ഈ മരങ്ങൾ വ്യാപകമായി നട്ടുപിടിപ്പിച്ചത്. നിലവിൽ അൻപതിനായിരത്തിലധികം ഫ്ലേം ട്രീകളാണ് ദുബായിൽ ഉടനീളമുള്ളത്. നഗരസൗന്ദര്യം കൂട്ടുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും ഈ മരങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഏകദേശം 12 മീറ്ററോളം ഉയരത്തിൽ വളരുന്ന ഫ്ലേം ട്രീകൾ (ശാസ്ത്രീയ നാമം: Delonix regia) ഒരു വലിയ കുട പോലെയാണ് റോഡരികുകളിൽ പടർന്നു പന്തലിക്കുന്നത്. കഠിനമായ വേനൽക്കാലത്ത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ തണലാണ് ഇവ നൽകുന്നത്.സാധാരണ അന്തരീക്ഷ താപനിലയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ ചൂട് മാത്രമേ ഈ മരങ്ങളുടെ തണലിന് താഴെ അനുഭവപ്പെടുകയുള്ളൂ എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് നഗരത്തിലെ ചൂട് കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.നഗരത്തെ കൂടുതൽ പച്ചപ്പണിയിക്കുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി വഴി താമസക്കാർക്ക് തങ്ങളുടെ വീട്ടുപറമ്പുകളിൽ നടാനായി ഫ്ലേം ട്രീ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ജുമൈറ സ്ട്രീറ്റ്, അൽ ബർഷ, ദുബായ് ക്രീക്ക് പാർക്ക്, മുഷ്‌രിഫ് പാർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിലവിൽ ഈ വസന്തക്കാഴ്ച ദൃശ്യമാണ്.

മരുഭൂമിയിലെ കടുത്ത വേനലിലും പ്രകൃതി ഒരുക്കുന്ന ഈ അത്ഭുതക്കാഴ്ച ക്യാമറകളിൽ പകർത്താൻ നിരവധി ഫോട്ടോഗ്രാഫർമാരും വ്ലോഗർമാരുമാണ് ദുബായ് തെരുവുകളിൽ ഈ ദിവസങ്ങളിൽ എത്തുന്നത്.

You may also like