അബുദാബി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. യുഎസും ഇറാനും തമ്മിലുള്ള പുതിയ കരാറിനെക്കുറിച്ചും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനൊപ്പം യുഎഇയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പൂർണ്ണമായി പ്രതിജ്ഞാബദ്ധമാണെന്ന് മാർക്കോ റൂബിയോ ആവർത്തിച്ചു.
യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. യുഎസുമായി തന്ത്രപ്രധാനമായ സൈനിക പങ്കാളിത്തമുള്ള യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് റൂബിയോ സന്ദർശിക്കുന്നത്. ഇറാനുമായുള്ള സമാധാന കരാർ മേഖലയിലെ തങ്ങളുടെ സുരക്ഷയെ ബാധിക്കുമോ എന്ന ഗൾഫ് സഖ്യകക്ഷികളുടെ ആശങ്കകൾ പരിഹരിക്കുക കൂടിയാണ് ഈ യുഎസ് സന്ദർശനത്തിന്റെ ലക്ഷ്യം.
18