Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 01:21 AM

ഇ-സ്കൂട്ടർ അപകടങ്ങൾ ഇരട്ടിയാകുന്നു

by Raneesha Razak

ദുബായ് : യുഎഇയിൽ ഇ-സ്കൂട്ടർ (E-scooter) അപകടങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ (MOI) കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് 2025-ൽ ഇ-സ്കൂട്ടറുകൾ ഉൾപ്പെടുന്ന വലിയ അപകടങ്ങളിൽ 97 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ഇ-സ്കൂട്ടർ യാത്രക്കാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് രീതികളെക്കുറിച്ച് റോഡ് സുരക്ഷാ വിദഗ്ദ്ധർ കടുത്ത ആശങ്ക രേഖപ്പെടുത്തി.

‘അൽ വത്ബ ഇൻഷുറൻസും’ (Al Wathba Insurance) ‘റോഡ് സേഫ്റ്റി യുഎഇ’യും (Road Safety UAE) ചേർന്ന് 1,010 താമസക്കാരിൽ നടത്തിയ സംയുക്ത സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. യുഎഇയിലെ 93 ശതമാനം താമസക്കാരും ഇ-സ്കൂട്ടർ യാത്രക്കാരുടെ അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗിന് പലപ്പോഴായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പത്തിൽ ഒമ്പത് പേരും ഇ-സ്കൂട്ടറുകൾ കാരണം റോഡിൽ തങ്ങൾക്ക് സുരക്ഷിതത്വം കുറവാണെന്ന് വ്യക്തിമാക്കി. സർവേയിൽ പങ്കെടുത്ത 90 ശതമാനം ആളുകളും യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതായി ചൂണ്ടിക്കാണിച്ചപ്പോൾ, 89 ശതമാനം പേരും ഇ-സ്കൂട്ടറുകൾ നിരോധിച്ച സ്ഥലങ്ങളിലൂടെയും (നടപ്പാതകൾ ഉൾപ്പെടെ) ട്രാഫിക്കിന് വിപരീത ദിശയിലും ഇവ ഓടിക്കുന്നതായി സാക്ഷ്യപ്പെടുത്തി.
നിയമപരമായ പ്രായപരിധിയായ 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതായി 88 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇ-സ്കൂട്ടറുകൾ ദൈനംദിന യാത്രാ ആവശ്യങ്ങൾക്ക് ഉപകാരപ്രദമാണെന്ന് 60 ശതമാനം ആളുകൾ സമ്മതിക്കുന്നുണ്ടെങ്കിലും, ഇവയുണ്ടാക്കുന്ന അപകടങ്ങൾ അടിയന്തിര നടപടികൾ ആവശ്യപ്പെടുന്നതാണെന്ന് റോഡ് സേഫ്റ്റി യുഎഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു. സ്കൂട്ടർ യാത്രക്കാർക്കായി പ്രത്യേക ലൈനുകളും ക്രോസിംഗുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് 88 ശതമാനം പേരും ആവശ്യപ്പെടുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം തന്നെ റൈഡർമാർക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചും മാന്യമായ ഡ്രൈവിംഗിനെക്കുറിച്ചും ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്ന് വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.

You may also like