Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:27 PM

ശരീരത്തിനുള്ളിൽ 100 കാപ്സ്യൂൾ കൊക്കെയ്ൻ; സായിദ് വിമാനത്താവളത്തിൽ ലഹരിക്കടത്ത് പിടികൂടി

by Raneesha Razak

ദുബായ് : സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താനുള്ള ശ്രമം യുഎഇ അധികൃതർ പിടികൂടി. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഉദ്യോഗസ്ഥർ പിടികൂടിയത്. വിമാനത്താവള സുരക്ഷ ശക്തമാക്കുന്നതിനും ലഹരിമരുന്ന് കടത്ത് തടയുന്നതിനുമായി നാഷണൽ ആന്റി നാർക്കോട്ടിക് ഏജൻസിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി. പ്രാഥമിക പരിശോധനയിൽ സൂചനകൾ ലഭിച്ചതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ കുടലിനുള്ളിൽ അസ്വാഭാവികമായ വസ്തുക്കൾ ഉള്ളതായി എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകളിൽ തെളിയുകയായിരുന്നു.

യാത്രക്കാരന്റെ ശരീരത്തിൽ നിന്ന് 100 കാപ്സ്യൂളുകളിലായി സൂക്ഷിച്ച 1,418 ഗ്രാം കൊക്കെയ്ൻ ആണ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്ന് കസ്റ്റഡിയിലെടുക്കുകയും പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് ലഹരിക്കടത്ത് തടയുന്നതിൽ യുഎഇ കസ്റ്റംസ് അതീവ ജാഗ്രതയാണ് പുലർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

You may also like