5
ദുബായ് : ലാൻഡ് ബോർഡർ വഴി രാജ്യത്തേക്ക് പ്രവേശിച്ച വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 16.2 കിലോ ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ യു.എ.ഇ കസ്റ്റംസ് അധികൃതർ പിടികൂടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ICP) കീഴിലുള്ള പോർട്ട്സ് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ കസ്റ്റംസ് ഇൻസ്പെക്ടർമാരാണ് മയക്കുമടത്ത് വേട്ട നടത്തിയത്. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വാഹനത്തിൽ അസ്വാഭാവികത കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ മാനുവൽ പരിശോധനയിലാണ് ടയറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കണ്ടെത്താൻ സജ്ജീകരിച്ചിട്ടുള്ള സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് നടപടി പൂർത്തിയാക്കിയത്. ഈ വർഷം തുടക്കം മുതൽ പോർട്ട്സ് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് 765 മയക്കുമരുന്ന് കടത്ത് കേസുകളാണ് പിടികൂടിയത്. ഇതിലൂടെ ഏകദേശം 390 കിലോഗ്രാം മയക്കുമരുന്നും 50,000-ത്തോളം നിരോധിത ഗുളികകളും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി.