ദുബായ്: യുഎഇയുടെ ഭരണരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പുതിയ ഗവൺമെന്റ് ഫ്രെയിംവർക്ക് പ്രോജക്റ്റിന്റെ പുരോഗതി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പകുതിയോളം സർക്കാർ സേവനങ്ങളെ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറ്റാനാണ് രാജ്യം ലക്ഷ്യമിടുന്നത്. തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിലാക്കാനും സ്വയം ശേഷിയുള്ള ‘ഏജന്റിക് എഐ’ (Agentic AI) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
സാധാരണ എഐ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓരോ ഫയലുകളിലും ആവശ്യമായ കാര്യങ്ങൾ മനുഷ്യസഹായമില്ലാതെ തന്നെ വേഗത്തിൽ പൂർത്തിയാക്കാൻ ഈ അത്യാധുനിക സാങ്കേതികവിദ്യ വഴി സാധിക്കും. ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ഭരണസംവിധാനം എന്ന പദവി നിലനിർത്താനാണ് ഈ നീക്കത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.