Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:30 PM

ബലിപെരുന്നാൾ സമ്മാനം; ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഭരണാധികാരി

by Raneesha Razak

ഷാ‍ർജ:  ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ഷാർജയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 227 തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ജയിലുകളിൽ മികച്ച പെരുമാറ്റവും സൽസ്വഭാവവും കാഴ്ചവെച്ച, ശിക്ഷാ ഇളവിന് അർഹരായ അന്തേവാസികൾക്കാണ് ഈ കാരുണ്യവർഷത്തിലൂടെ മോചനം സാധ്യമാകുന്നത്.

പെരുന്നാൾ വേളയിൽ തടവുകാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ചേരാനും പുതിയൊരു ജീവിതം ആരംഭിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനുഷിക പരിഗണന മുൻനിർത്തിയുള്ള ഈ നടപടി. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ തുടർനടപടികൾ വേഗത്തിലാക്കാൻ ഷാർജ പൊലീസിലെ ശിക്ഷാ-പരിപാലന വിഭാഗം ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പെരുന്നാളിന് മുന്നോടിയായി ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കും.

യുഎഇയുടെ സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഭരണാധികാരിയുടെ ഈ മാതൃകാപരമായ തീരുമാനം. ജയിൽ മോചിതരാകുന്നവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുമ്പോൾ കൂടുതൽ ഉത്തരവാദിത്തമുള്ള പൗരന്മാരായി ജീവിക്കാൻ ഈ അവസരം വിനിയോഗിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

You may also like