10
ദുബായ് : യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനുള്ള ആദരവുമായി ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തുറന്ന കത്ത്. നാല് പതിറ്റാണ്ടോളക്കാലം തന്റെ അധ്യാപകനും നേതാവും പ്രചോദനവുമായിരുന്ന ശൈഖ് സായിദിനെക്കുറിച്ചും, അദ്ദേഹത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച് യുഎഇ കൈവരിച്ച വളർച്ചയെക്കുറിച്ചുമാണ് കത്തിൽ പറയുന്നത്.
എമിറേറ്റുകൾക്കും നേതാക്കൾക്കും മാത്രമല്ല, അനാഥരുടെയും പാവപ്പെട്ടവരുടെയും കൂടി പിതാവാണ് ശൈഖ് സായിദ് എന്ന് കത്തിൽ ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ധന്യമാക്കിയ അദ്ദേഹത്തിന്റെ ജ്ഞാനവും ഭരണപാടവവും മരണശേഷവും നിലനിൽക്കുന്നു. “എന്റെ പിതാവായ സായിദിനുള്ള എന്റെ സന്ദേശം ഇതാണ്: യുഎഇ വളർന്നു, പക്ഷേ അത് ഇപ്പോഴും നിങ്ങളെ തന്നെ ഓർമ്മിപ്പിക്കുന്നു,” ശൈഖ് മുഹമ്മദ് കുറിച്ചു. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് രാജ്യം ഇന്നത്തെ നിലയിലേക്ക് വളർന്നുവന്ന വഴികളും അദ്ദേഹം കത്തിലൂടെ ഓർമ്മിച്ചു.