അബുദാബി : ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പ്രദർശനമായ ഐഎസ്എൻആർ 2026 (International Exhibition for National Security and Resilience)ന്റെ ഒമ്പതാം പതിപ്പ് അബുദാബിയിലെ എഡ്നെക് സെന്ററിൽ മേയ് 19 മുതൽ 21 വരെ നടക്കും.
പ്രദർശന ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായ ഇത്തവണ 253 പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾ പങ്കെടുക്കും.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മോഡോണിന്റെ അനുബന്ധ സ്ഥാപനമായ എഡ്നെക് ഗ്രൂപ്പ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചും അബുദാബി പോലീസിന്റെ തന്ത്രപ്രധാന പങ്കാളിത്തത്തോടെയും പ്രദർശനം സംഘടിപ്പിക്കുന്നു.
ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട എട്ട് പ്രധാന മേഖലകളിലാണ് ഇത്തവണ പ്രദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ, സാങ്കേതിക കമ്പനികൾ, വ്യവസായ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ആധുനിക സുരക്ഷാ വെല്ലുവിളികളെ കുറിച്ചുള്ള ആശയവിനിമയം, പുതുമകൾ, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്കുള്ള ആഗോള വേദിയാകുകയാണ് ഐഎസ്എൻആർ 2026ന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു