ദുബായ് : വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ (Trade Centre Roundabout) നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെബീൽ (Za’abeel) മേഖലയിൽ ഇന്ന് മുതൽ (ജൂൺ 6) പുതിയ ഗതാഗത നിയന്ത്രണങ്ങളും താൽക്കാലിക റൂട്ട് മാറ്റങ്ങളും ഏർപ്പെടുത്തിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സുഗമമായ വാഹനയാത്ര ഉറപ്പാക്കുന്നതിനുമായാണ് പുതിയ മാറ്റങ്ങൾ.
പുതിയ ട്രാഫിക് പ്ലാൻ അനുസരിച്ച്, സെബീൽ പാലസ് സ്ട്രീറ്റിൽ (Za’abeel Palace Street) നിന്നും ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് ലക്ഷ്യമാക്കി വരുന്ന വാഹനങ്ങൾ അൽ മജ്‌ലിസ് സ്ട്രീറ്റിലേക്ക് (Al Majlis Street) തിരിഞ്ഞുപോകണം. കൂടാതെ, സെബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ് (Al Mustaqbal Street) ഇന്റർസെക്ഷൻ വഴിയുള്ള പ്രവേശനം പ്രശസ്തമായ ‘വൺ സെബീൽ’ (One Za’abeel) കെട്ടിടത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ റോഡിലെ പുതിയ ദിശാസൂചക ബോർഡുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും, ഓഫീസ്-ബിസിനസ്സ് ആവശ്യങ്ങൾക്കായി പുറപ്പെടുന്നവർ ഗതാഗത മാറ്റങ്ങൾ മുൻകൂട്ടി കണ്ട് യാത്രാ സമയം ക്രമീകരിക്കണമെന്നും ആർടിഎ നിർദ്ദേശിച്ചു.
18