Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:00 PM

ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് ജൂൺ 30 മുതൽ; ടിക്കറ്റ് വിതരണം ആരംഭിച്ചു

by Raneesha Razak

അബുദാബി : യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഗതാഗത വിപ്ലവമായ ‘ഇത്തിഹാദ് റെയിൽ’ യാത്രാ ട്രെയിൻ സർവീസിന്റെ ആദ്യഘട്ടം ജൂൺ 30-ന് ആരംഭിക്കും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിർമ്മിച്ച അത്യാധുനിക പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തതോടെയാണ് ഈ ചരിത്ര പ്രഖ്യാപനം പുറത്തുവന്നത്.
ആദ്യഘട്ടത്തിൽ അബുദാബി സ്റ്റേഷനിൽ നിന്ന് ഫുജൈറയിലേക്കാണ് സർവീസ് നടത്തുക. വെറും 1 മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ ദൂരം പിന്നിടും. ജൂൺ 23 മുതൽ ഇത്തിഹാദ് റെയിൽ വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അബുദാബി – ഫുജൈറ റൂട്ടിൽ കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് പ്രാരംഭ ടിക്കറ്റ് നിരക്കുകൾ. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 13 ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളിൽ ഓൺബോർഡ് ഡൈനിംഗ്, വൈഫൈ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ടാകും.

തുടർന്ന് സെപ്റ്റംബർ 30-ഓടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തി പ്രധാന യാത്രാ ശൃംഖല വിപുലീകരിക്കും. ഇതേ വർഷം ഡിസംബർ 30-ന് അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും, 2027 മാർച്ച് 30-ന് ഷാർജ സ്റ്റേഷനും പ്രവർത്തനസജ്ജമാകുന്നതോടെ ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും. യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കാൻ സ്റ്റേഷനുകളിൽ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ കഫേകൾ, റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 2021-ൽ പ്രഖ്യാപിച്ച യുഎഇയുടെ ‘ഫ്രൊജക്റ്റ്സ് ഓഫ് ദി 50’ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ റെയിൽ ശൃംഖല പൂർത്തിയാകുന്നത്.

You may also like