9
ദുബായ്: ദുബായിലെ റോഡുകളിൽ ഒക്ടോബർ 1, 2026 മുതൽ ട്രക്ക് ഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. തിരക്കേറിയ സമയങ്ങളിലെ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി. എന്നാൽ എമിറേറ്റ്സ് റോഡിനെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് ആർ.ടി.എയും (RTA) ദുബായ് പോലീസും സംയുക്തമായി ഈ തീരുമാനമെടുത്തത്.
ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനും പ്രധാന റോഡുകളിലെ വാഹനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ആർ.ടി.എ വ്യക്തമാക്കി. ചരക്ക് നീക്കവും വാണിജ്യ ആവശ്യങ്ങളും തടസ്സപ്പെടാത്ത തരത്തിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ട്രക്ക് ഡ്രൈവർമാർക്കും ലോജിസ്റ്റിക് കമ്പനികൾക്കും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചും ഇതര മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി പ്രത്യേക കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.
നിയന്ത്രണ സമയങ്ങളിൽ നിരോധനം ബാധകമായ റോഡുകൾ ഒഴിവാക്കി അനുവദനീയമായ ബദൽ പാതകൾ ഉപയോഗിക്കണമെന്നും, അല്ലെങ്കിൽ നിശ്ചിത ട്രക്ക് വിശ്രമ കേന്ദ്രങ്ങളിൽ വാഹനം നിർത്തണമെന്നും അധികൃതർ ഡ്രൈവർമാരോടും കമ്പനികളോടും അഭ്യർത്ഥിച്ചു. പ്രധാന റോഡുകളിലും ജനവാസ മേഖലകളിലും അനധികൃതമായി ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.