7
ദുബായ്: ദസ്റ, ദീപാവലി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് യാത്ര തിരിക്കാൻ തയ്യാറെടുക്കുന്ന യു.എഇയിലെ പ്രവാസികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകൾ. ഒക്ടോബർ പകുതിയോടെ നിരക്കുകൾ ഉയരുമെന്ന് ട്രാവൽ ഏജന്റുകൾ മുന്നറിയിപ്പ് നൽകുമ്പോഴും, നിലവിൽ ആനുപാതികമായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഈ വർഷം ഒക്ടോബർ 20-നാണ് ദസ്റ, തുടർന്ന് നവംബർ 8-ന് ദീപാവലിയും വന്നെത്തുന്നു. യു.എഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏറ്റവും തിരക്കേറിയ യാത്രാ സീസണുകളിലൊന്നാണിത്.
ഒക്ടോബർ 19 നും നവംബർ 9 നും ഇടയിലുള്ള യാത്രാ തീയതികളിൽ ദുബായിൽ നിന്ന് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്കുകൾ 1,500 ദിർഹത്തിൽ താഴെയാണ്. ദുബായ്-മുംബൈ ടിക്കറ്റ് നിരക്ക് ഏകദേശം 1,072 ദിർഹം മുതൽ ആരംഭിക്കുന്നു. ദുബായ്-ന്യൂഡൽഹി ടിക്കറ്റിന് 1,439 ദിർഹവും, കൊച്ചിയിലേക്ക് 1,042 ദിർഹവും, ബെംഗളൂരുവിലേക്ക് 945 ദിർഹവും, ഹൈദരാബാദിലേക്ക് 1,017 ദിർഹവുമാണ് നിലവിലെ നിരക്ക്. അതേസമയം, സർവീസുകൾ കുറവുള്ള ചില രണ്ടാം നിര നഗരങ്ങളിലേക്ക് ഉയർന്ന നിരക്കുകളാണ് ഈ ദിവസങ്ങളിൽ ഈടാക്കുന്നത്. ദുബായ്-വരാണസി ടിക്കറ്റിന് ഏകദേശം 2,303 ദിർഹവും ജയ്പൂരിലേക്ക് 1,426 ദിർഹവുമാണ് നിരക്ക്.