Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:57 PM

അബുദാബിയിൽ എയർ ടാക്സി സർവീസുകൾ ഈ വർഷാവസാനത്തോടെ ആരംഭിച്ചേക്കും

by Raneesha Razak

അബുദാബി : അബുദാബിയിലെ യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ എയർ ടാക്സി (Air Taxi) സർവീസുകൾ പ്രവർത്തനം ആരംഭിച്ചേക്കുമെന്ന് സൂചന. അബുദാബി മൊബിലിറ്റി (ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ – ITC) ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫേലിയാണ് ഫോർബ്‌സ് മിഡിൽ ഈസ്റ്റ് ഉച്ചകോടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ വാണിജ്യാടിസ്ഥാനത്തിലുള്ള ഇലക്ട്രിക് എയർ ടാക്സി സർവീസുകൾക്ക് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനുമായി ചേർന്ന് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വിമാനങ്ങളുടെ പരീക്ഷണ സർവീസുകൾ അബുദാബിയിൽ ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
എയർ ടാക്സിക്ക് പുറമെ, പൊതുജനങ്ങൾക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ യാത്രകൾ ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും പണമടയ്ക്കാനുമുള്ള പുതിയ സംവിധാനം ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാക്കും. ഗവൺമെന്റ് സേവനങ്ങൾക്കായുള്ള ‘ടാം’ (TAMM) പ്ലാറ്റ്‌ഫോമിന് സമാനമായാണ് ഈ പുതിയ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്. അത്യാധുനിക ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ സിസ്റ്റം അടിസ്ഥാനമാക്കിയായിരിക്കും ഇതിന്റെ പ്രവർത്തനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്തി ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഭാവിയിലെ ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി റോഡ്, വ്യോമ, കടൽ മാർഗ്ഗങ്ങളെ ഒരേ ശൃംഖലയിൽ ബന്ധിപ്പിക്കാനും അബുദാബി ലക്ഷ്യമിടുന്നു.

You may also like