Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 01:49 AM

ദുബായ് ഫാൻ സോണിൽ കാൽപ്പന്തുകളിയിലെ വിസ്മയം തീർത്ത് മലയാളി താരം ഹാദിയ

by Raneesha Razak

ദുബായ് : 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് ലോകം ഉണർന്നപ്പോൾ ദുബായിലെ ഔദ്യോഗിക ഫാൻ സോണിൽ തങ്ങളുടെ ഫ്രീസ്റ്റൈൽ ഫുട്ബോൾ ട്രിക്കുകളുമായി വിസ്മയം തീർക്കുകയാണ് മലയാളി താരം ഹാദിയ ഹക്കീം. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ പ്രകടനം നടത്താൻ ക്ഷണം ലഭിച്ചതിലൂടെ ശ്രദ്ധേയയായ ഹാദിയ, വിവാഹശേഷം ഇപ്പോൾ യുഎഇയിലാണ് താമസം.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും വിസ നിരസിക്കപ്പെട്ടത് ഒരു തരത്തിൽ അനുഗ്രഹമായെന്ന് ഹാദിയ പറയുന്നു. വിസ നിഷേധിച്ചതോടെ ഈ ലോകകപ്പ് കാലത്ത് യുഎഇയിലെ ഫാൻ സോണുകളിലും വിവിധ ബ്രാൻഡുകളുടെ പ്രൊമോഷനുകളിലും സജീവമാകാൻ ഹാദിയയ്ക്ക് അവസരം ലഭിച്ചു.

ഖത്തറിൽ ജനിച്ച് വളർന്ന ഹാദിയ, പിന്നീട് അമ്മയുടെ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് ഫ്രീസ്റ്റൈൽ ഫുട്ബോളിലേക്ക് തിരിയുന്നത്. നാട്ടിൽ പെൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഒറ്റയ്ക്ക് പരിശീലിക്കാവുന്ന ഫ്രീസ്റ്റൈൽ തിരഞ്ഞെടുത്തത്. സ്കൂളിൽ വെച്ച് ചെയ്ത ഒരു ഫ്രീസ്റ്റൈൽ വീഡിയോ വൈറലായതാണ് ഹാദിയയുടെ ജീവിതം മാറ്റിയത്. ഈ വീഡിയോ കണ്ട് ഖത്തർ ലോകകപ്പ് അധികൃതർ ഹാദിയയെ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. അവിടെ വെച്ച് കാഫു (Cafu), ടിം കാഹിൽ (Tim Cahill) തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾക്കൊപ്പം കളിക്കാനും ഹാദിയയ്ക്ക് അവസരം ലഭിച്ചു.

ഹിജാബ് ധരിക്കുന്നവർക്കും ഫുട്ബോൾ പ്രേമികൾക്കും യുഎഇ നൽകുന്ന മികച്ച അവസരങ്ങളാണ് തന്നെ ഇങ്ങോട്ട് ആകർഷിച്ചതെന്ന് ഹാദിയ പറയുന്നു. ദുബായിലെ അൽ സീഫിൽ വെച്ച് സഹ ഫ്രീസ്റ്റൈലർ മൈമി അസ്ഗാരിയുമായി ചേർന്ന് ഹാദിയ ചെയ്ത വീഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസാണ് ലഭിച്ചത്. അടുത്ത തലമുറയിലെ പെൺകുട്ടികളെ ഫ്രീസ്റ്റൈൽ ഫുട്ബോൾ പഠിപ്പിക്കാനായി ഒരു കോച്ചിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ് ഹാദിയയുടെ അടുത്ത ലക്ഷ്യം. ഹാദിയയുടെ സഹോദരനും യുഎഇയിൽ ഫുട്ബോൾ കോച്ചായി ജോലി ചെയ്യുന്നുണ്ട്.

You may also like