Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:55 AM

ദുബായ് മാളത്തൺ രണ്ടാം പതിപ്പിന് തുടക്കമായി

by Raneesha Nizar

 

ദുബായ് : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ‘ദുബായ് മാളത്തൺ’ (Dubai Mallathon) രണ്ടാം പതിപ്പിന് ഇന്ന് ( ജൂൺ 15 ) തുടക്കമായി. ലോകത്തിലെ ആദ്യത്തെ ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി സ്‌പോർട്‌സ് പ്രോഗ്രാമായ ഈ ജനകീയ കായിക മേള സെപ്റ്റംബർ 15 വരെ മൂന്ന് മാസക്കാലം നീണ്ടുനിൽക്കും.
വേനൽക്കാലത്ത് ജനങ്ങളിൽ കായിക വിനോദങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി എയർകണ്ടീഷൻ ചെയ്ത സുരക്ഷിതമായ അന്തരീക്ഷത്തിലാണ് മാളത്തൺ ഒരുക്കിയിരിക്കുന്നത്. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദേര സിറ്റി സെന്റർ, ദുബായ് ഹിൽസ് മാൾ എന്നീ ആറ് പ്രമുഖ ഷോപ്പിംഗ് മാളുകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിട്ടുള്ളത്. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, യുഎഇയുടെ ‘ഇയർ ഓഫ് ദി ഫാമിലി’ 2026 എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 10 മണി വരെയാണ് മാളത്തൺ നടക്കുക. ഇതിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. സ്ത്രീകൾക്കായി ദുബായ് മാളിലും മിർദിഫ് സിറ്റി സെന്ററിലും പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കും. കൂടാതെ മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായി (People of Determination) പ്രത്യേക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ മത്സരങ്ങളും സമ്മാനങ്ങളും മെഡലുകളും വിജയികൾക്ക് നൽകും.

പങ്കാളിത്തം പൂർണ്ണമായും സൌജന്യമാണ്, മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. പങ്കെടുക്കുന്നവർക്ക് മാളുകളിലെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ഓഫറുകൾ ലഭിക്കുന്ന റിസ്റ്റ് ബാൻഡുകൾ നൽകും. കഴിഞ്ഞ വർഷത്തെ ആദ്യ പതിപ്പ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരുന്നു.

You may also like