അബുദാബി : ഭിന്നശേഷിക്കാരായ (People of determination) കായികതാരങ്ങൾക്കായുള്ള യുഎഇ ഗെയിംസ് 2026-ന്റെ രണ്ടാം പതിപ്പിന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) ആവേശകരമായ തുടക്കം. യുഎഇയിലെ വിവിധ ക്ലബ്ബുകളിൽ നിന്നും സെന്ററുകളിൽ നിന്നുമുള്ള ആയിരത്തിലധികം കായികതാരങ്ങളാണ് പ്രാദേശിക, അന്തർദേശീയ പ്രതിനിധികൾക്കൊപ്പം ഈ കായികമാമാങ്കത്തിൽ പങ്കെടുക്കുന്നത്. ജൂൺ 10 വരെ അഡ്‌നെക് സെന്ററിലും സായിദ് സ്‌പോർട്‌സ് സിറ്റിയിലെ ഖലീഫ ഇന്റർനാഷണൽ ബൗളിംഗ് സെന്ററിലുമായി മത്സരങ്ങൾ നടക്കും.
അബുദാബി പോലീസ് ബാൻഡിന്റെ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ഔദ്യോഗിക പ്രതിജ്ഞ, പരേഡ്, ടോർച്ച് റിലേ എന്നിവ നടന്നു. സ്‌പെഷ്യൽ ഒളിംപിക്‌സ് യുഎഇ അത്‌ലറ്റുകളുടെ പ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. 2019-ൽ യുഎഇ വേദിയായ സ്‌പെഷ്യൽ ഒളിംപിക്‌സ് വേൾഡ് ഗെയിംസിന്റെ തുടർച്ചയായാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്ക് പുറമെ, അത്‌ലറ്റുകളുടെ ആരോഗ്യ സംരക്ഷണത്തിനായി 400-ലധികം വളണ്ടിയർമാരുടെയും ആരോഗ്യ വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനകളും ബോധവൽക്കരണ ക്ലാസുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇത്തരമൊരു വലിയ കായികമേളയിലൂടെ ഭിന്നശേഷിക്കാരായ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് സ്‌പെഷ്യൽ ഒളിംപിക്‌സ് യുഎഇ നാഷണൽ ഡയറക്ടർ തലാൽ അൽ ഹാഷിമി വ്യക്തമാക്കി. മൊറോക്കോ, മാൾട്ട തുടങ്ങിയ അന്താരാഷ്ട്ര പ്രതിനിധികളും ഈ വർഷത്തെ ഗെയിംസിൽ പങ്കാളികളാകുന്നുണ്ട്.