3
ദുബായ് : ഔദ്യോഗിക സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോൺ കോളുകളിലൂടെ താമസക്കാരിൽ നിന്ന് 1.19 കോടി ദിർഹത്തോളം (ഏകദേശം 1 കോടി 18 ലക്ഷത്തിലധികം) തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസിന്റെ ആന്റി ഫ്രോഡ് സെന്ററാണ് അന്താരാഷ്ട്ര ബന്ധമുള്ള ഈ തട്ടിപ്പുസംഘത്തെ പിടികൂടിയത്. വിദേശത്ത് വ്യാജ നിയമകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
വിദേശ രാജ്യങ്ങളിൽ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഇരകളെ ഫോണിൽ ബന്ധപ്പെടുകയും, തുടർന്ന് ഭയപ്പെടുത്തി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വിദേശ അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം പരിശോധനയ്ക്ക് ശേഷം തിരികെ നൽകുമെന്ന വ്യാജേനയായിരുന്നു ഇത്. ചിലരിൽ നിന്ന് സ്വർണാഭരണങ്ങൾ വിറ്റും പണം തട്ടിയെടുത്തു. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനും മാനസികമായി തളർത്താനും ഇരകളോട് ഹോട്ടൽ മുറികളിൽ മാറിത്താമസിക്കാനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. സംശയാസ്പദമായ കോളുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ പരിശോധിക്കണമെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.