23
അബുദാബി : വിവാഹമോചനത്തിന് ശേഷം ഭാര്യക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതിന് അവരുടെ സ്വന്തം വരുമാനമോ സാമ്പത്തിക ഭദ്രതയോ തടസ്സമല്ലെന്ന് അബുദാബി പരമോന്നത കോടതിയായ കോർട്ട് ഓഫ് കസേഷൻ വിധി പ്രസ്താവിച്ചു. വിദേശ ദമ്പതികളുടെ സിവിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിൽ, മുൻഭാര്യ സ്വന്തമായി ശമ്പളം വാങ്ങുന്ന ആളായതിനാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന ഭർത്താവിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി. വിവാഹജീവിതത്തിന്റെ ദൈർഘ്യം, ഇരുവരുടെയും സാമ്പത്തിക നിലവാരം, ജീവിതരീതി, വിവാഹമോചനം മൂലമുണ്ടാകുന്ന സാമ്പത്തിക വ്യത്യാസങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് കോടതികൾ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്നും കേവലം ശമ്പളം മാത്രം മാനദണ്ഡമാക്കരുതെന്നും കോടതി വ്യക്തമാക്കി.