Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 02:07 AM

ദുബായിൽ ഉപേക്ഷിക്കപ്പെടുന്ന മുയലുകൾക്ക് തണലായി ഒരു കൂട്ടം പ്രവാസികൾ

by Raneesha Razak

ദുബായ് : യുഎഇയിൽ അരുമകളായി വളർത്തിയ ശേഷം തെരുവുകളിലും പാർക്കുകളിലും ഉപേക്ഷിക്കപ്പെടുന്ന മുയലുകളെ (Rabbits) സംരക്ഷിക്കാനും അവയ്ക്ക് പുതിയ വീടുകൾ കണ്ടെത്താനുമായി ദുബായിൽ ഒരു കൂട്ടം പ്രവാസികൾ സജീവമായി രംഗത്ത്. പൂച്ചകളെയും നായ്ക്കളെയും പോലെ മുയലുകളും വലിയ തോതിൽ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്ന തിരിച്ചറിവാണ് ‘ഹെൽപ്പിങ് ഹാൻഡ്സ് ഫോർ സ്മോൾ പോസ്’ (Helping Hands for Small Paws) പോലുള്ള കൂട്ടായ്മകൾക്ക് രൂപം നൽകാൻ ഇവരെ പ്രേരിപ്പിച്ചത്.

മുയലുകളെ വളർത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന തെറ്റായ ധാരണയിലാണ് പലരും ഇവയെ വാങ്ങുന്നത്. എന്നാൽ ഇവയ്ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണ്. യുഎഇയിലെ കഠിനമായ ചൂടിൽ ഇവയ്ക്ക് പുറത്തു ജീവിക്കാൻ സാധിക്കില്ല. 19 വർഷമായി യുഎഇയിലുള്ള കാറ്റാന്യൂൺ ഇഹ്സാനി, 2022-ൽ യുകെയിൽ നിന്നെത്തിയ എമ്മ ഡോബി, സോഫ്റ്റ്‌വെയർ കമ്പനി സിഇഒ ആയ മൈക്ക് ഡോസൺ എന്നിവരുൾപ്പെടുന്ന സന്നദ്ധപ്രവർത്തകർ തങ്ങളുടെ വീടുകളിൽ മുയലുകൾക്കായി പ്രത്യേക സുരക്ഷിത ഇടങ്ങൾ (Bunny-proof spaces) ഒരുക്കിയാണ് ഇവയെ സംരക്ഷിക്കുന്നത്.
പാർക്കുകളിൽ നിന്നും പാർക്കിങ് ഏരിയകളിൽ നിന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തുന്ന മുയലുകളെ പരിചരിച്ച് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു വലിയ വോളന്റിയർ ശൃംഖല തന്നെ ഇപ്പോൾ ദുബായിലുണ്ട്. താൽക്കാലികമായി ഇവയെ സംരക്ഷിക്കുന്നവർക്ക് (Foster parents) ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുള്ള പിന്തുണയും ഈ കൂട്ടായ്മ നൽകുന്നുണ്ട്. പൂർണ്ണമായും സന്നദ്ധപ്രവർത്തനത്തിലൂടെയും സ്വന്തം ചെലവിലുമാണ് ഈ പ്രവാസികൾ ഈ ജീവകാരുണ്യ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

You may also like