ദുബായ് : ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ഫൈനൽ പരീക്ഷകൾ റദ്ദാക്കേണ്ടി വന്നിട്ടും അന്താരാഷ്ട്ര ബാക്കലോറിയറ്റ് (IB) ഡിപ്ലോമ ഫലങ്ങളിൽ ആഗോള ശരാശരിയേക്കാൾ മികച്ച വിജയം സ്വന്തമാക്കി യുഎഇയിലെ വിദ്യാർത്ഥികൾ. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം മൂലം ഗൾഫ് മേഖലയിലുടനീളം പരീക്ഷകൾ തടസ്സപ്പെട്ടതിനെ തുടർന്ന്, പരീക്ഷയ്ക്ക് പകരമുള്ള പ്രത്യേക മൂല്യനിർണ്ണയ സംവിധാനമായ ‘നോൺ-എക്സാം കണ്ടിൻജൻസി മെഷർ’ (NECM) വഴിയാണ് അന്താരാഷ്ട്ര ബാക്കലോറിയറ്റ് ഓർഗനൈസേഷൻ ഇത്തവണ ഫലം തയ്യാറാക്കിയത്.
പ്രതികൂല സാഹചര്യങ്ങളിലും യുഎഇയിലെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകളായ ഇന്നോവഞ്ചേഴ്സ് എഡ്യൂക്കേഷൻ 100 ശതമാനം വിജയവും ജിഇഎംഎസ് (GEMS) എഡ്യൂക്കേഷൻ 99 ശതമാനം വിജയവും രേഖപ്പെടുത്തി. ആഗോള ശരാശരിയായ 31 പോയിന്റിനേക്കാൾ വളരെ മുന്നിലെത്തി 35-ലധികം ആവറേജ് പോയിന്റുകൾ നേടിയാണ് യുഎഇ വിദ്യാർത്ഥികൾ തിളങ്ങിയത്. ഈ ബാച്ചിലെ നാല് വിദ്യാർത്ഥികൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കോറായ 45 ഔട്ട് ഓഫ് 45 പോയിന്റുകൾ സ്വന്തമാക്കുകയും കേംബ്രിഡ്ജ് ഉൾപ്പെടെയുള്ള ലോകോത്തര സർവ്വകലാശാലകളിൽ ഉയർന്ന സ്കോളർഷിപ്പോടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തു.